Skip to main content

ഡെങ്കിപനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപപ്പകര്‍ച്ച തടയാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

പെട്ടെന്നുള്ള കഠിനവും അസഹ്യവുമായ തലവേദന, കണ്ണുകള്‍ക്കുപിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് / തിണ്ണര്‍പ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഗുരുതര ലക്ഷണങ്ങള്‍

അതികഠിനമായ വയറുവേദന
ഇടയ്ക്കിടെയുള്ള ഛര്‍ദ്ദി അല്ലെങ്കില്‍ രക്തം കലര്‍ന്ന ഛര്‍ദ്ദി
രക്തസ്രാവം: മൂക്കില്‍ നിന്നോ മോണയില്‍ നിന്നോ രക്തം വരിക
അല്ലെങ്കില്‍ മലമൂത്ര വിസര്‍ജനത്തില്‍ രക്തം കാണപ്പെടുക
കടുത്ത ക്ഷീണം: നില്‍ക്കാന്‍ പോലും കഴിയാത്ത വിധമുള്ള അതികഠിനമായ തളര്‍ച്ച
ശ്വാസതടസ്സം: ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
ശരീരത്തിന്റെ താപനില കുറയുക

പകല്‍നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. വെള്ളത്തില്‍ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം തന്നെ ആഴ്ചതോറുമുള്ള ഉറവിട നശീകരണത്തിനും പ്രാധാന്യം നല്‍കണം.  വെള്ളിയാഴ്ച സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ശനിയാഴ്ച സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഞായറാഴ്ച വീടുകള്‍ കേന്ദ്രീകരിച്ചും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അഥവാ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കേണ്ടതാണ്.

ഈഡിസ് കൊതുകുകള്‍ സാധാരണയായി മുട്ടയിട്ടു വളരുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ഉപയോഗശൂന്യമായ പാത്രങ്ങള്‍,  കളിപ്പാട്ടങ്ങള്‍, മാര്‍ക്കറ്റുകളില്‍ മത്സ്യം സൂക്ഷിക്കുന്ന പെട്ടികള്‍, വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞ പാത്രങ്ങള്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവയിലും വെള്ളം കെട്ടിനില്‍ക്കാവുന്ന മറ്റു സാധനങ്ങള്‍ എന്നിവയിലും കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ശരിയായ രീതിയില്‍ സംസ്‌കരിക്കുകയോ ചെയ്യുക.

ജലം സംഭരിച്ചു വെയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ്‌ത്തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെയ്ക്കുക. ഇതിനായി അടപ്പുകളോ കൊതുകുവലയോ അല്ലെങ്കില്‍ സാധാരണ തുണിയോ ഉപയോഗിക്കാം. ഇതിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞു ഉള്‍വശം ഉരച്ചുകഴുകി ഉണക്കിയ ശേഷം വീണ്ടും നിറയ്ക്കുക. മരപ്പൊത്തുകള്‍ മണ്ണിട്ടു മൂടുക. വാഴപ്പോളകളിലും, പൈനാപ്പിള്‍ ചെടിയുടെ പോളകളിലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്.

എലി, അണ്ണാന്‍ മുതലായ ജന്തുക്കള്‍ തുരന്നിടുന്ന നാളികേരം, കൊക്കോ കായ്കള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുക.
റബര്‍ തോട്ടങ്ങളില്‍ റബര്‍പാല്‍ ശേഖരിക്കുവാന്‍ വച്ചിട്ടുള്ള ചിരട്ട/കപ്പ് എന്നിവ കമഴ്ത്തിവെക്കുക. അടയ്ക്കാ തോട്ടങ്ങളില്‍ വീണുകിടക്കുന്ന പാള ആഴ്ചയിലൊരിക്കല്‍ ശേഖരിച്ച് കത്തിച്ചുകളയുക. അല്ലെങ്കില്‍ അവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക. ടയര്‍ ഡിപ്പോകളിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകള്‍ വെള്ളം വീഴാത്ത സ്ഥലത്തേക്ക് മാറ്റിവെയ്ക്കുക. ഉപയോഗശൂന്യമായ ടയറുകളില്‍ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോ വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക. മുളംക്കുറ്റികള്‍ വെള്ളം കെട്ടിനില്‍ക്കാത്തവണ്ണം വെട്ടിക്കളയുകയോ അവയില്‍ മണ്ണിട്ടു മൂടുകയോ ചെയ്യുക. ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക.

മഴക്കാലത്ത് ടെറസ്സിനു മുകളിലും സണ്‍ഷേഡിലും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മണി പ്ലാന്റ് പോലെയുള്ള അലങ്കാര ചെടികള്‍ വളര്‍ത്തുന്ന വെള്ളം നിറച്ച പാത്രങ്ങള്‍, പൂച്ചട്ടികള്‍, പൂച്ചട്ടിയുടെ അടിയിലെ ട്രേ മറ്റു പാഴ്‌വസ്തുക്കള്‍ എന്നിവയില്‍ വെള്ളം കെട്ടി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഓടകളിലും ചാലുകളിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പുചവറുകളും മണ്ണും മറ്റും കാലാകാലങ്ങളില്‍ നീക്കം ചെയ്യുക.
കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, താല്‍ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടിഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക. ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയില്‍ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം. ജനല്‍, വാതില്‍, വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുകു കടക്കാതെ വല ഘടിപ്പിക്കുക.
കൊതുകിനെ അകറ്റുവാന്‍ സാധിക്കുന്ന ലേപനങ്ങള്‍ ദേഹത്ത് പുരട്ടുക. ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

date