വായനാ മാസാഘോഷത്തിന് ജൂൺ 19ന് തുടക്കമാകും
കേരളത്തിൽ അക്ഷരവെളിച്ചം പകർന്നുനൽകിയ പി. എൻ. പണിക്കരുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മുപ്പത്തിയൊന്നാമത് ദേശീയ വായനാ മഹോത്സവത്തിനും ഒരു മാസം നീണ്ടുനിൽക്കുന്ന വായനാമാസാഘോഷങ്ങൾക്കും വായനാ ദിനമായ ജൂൺ 19ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം ജൂൺ 19 ന് രാവിലെ 11:30ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ ജൂലൈ 18 വരെയാണ് വായനാമാസാഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തുടങ്ങിയവയുമായി സഹകരിച്ച് പി.എൻ. പണിക്കർ ഫൗണ്ടേഷനാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
പി. എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാനും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ, രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പി. ജെ. കുര്യൻ, രാജീവ് ചന്ദ്രശേഖർ എം.എൽ.എ., കേരള നിയമസഭാ മുൻ സ്പീക്കർ എം. വിജയകുമാർ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ സ്‌നേഹിൽ കുമാർ സിംഗ്, ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സബിൻ സമീദ്, സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ, ചലച്ചിത്ര സംഗീത സംവിധായകൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
പി.എൻ.എക്‌സ്. 1999/2026
- Log in to post comments