സ്കോളർഷിപ്പിന് അപേക്ഷിക്കാം
പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ തൽപ്പരരായവരും എന്നാൽ കുടുംബപരമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ കാരണം മികവ് പ്രകടിപ്പിക്കുവാൻ കഴിയാത്തവരുമായ സമർഥരായ പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് പഠന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച ശ്രീ. അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്‌മെന്റ് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനായി 2026-27 വർഷത്തേക്കുള്ള അപേക്ഷകൾ ഇ-ഗ്രാന്റ്സ് പോർട്ടൽ 3.0 മുഖേന ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂലൈ 15 വരെ. അപേക്ഷകർ 01.06.2024 ലെ 11/2024/SCSTD നമ്പർ സർക്കാർ ഉത്തരവിൽ നിഷ്‌കർഷിക്കുന്ന അനുബന്ധമായി ചേർക്കുന്ന നിബന്ധനകൾ പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്ത് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായോ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസ്/ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ നം.: 0471-2304594, 2303229.
അപേക്ഷകർ പട്ടികവർഗ്ഗത്തിൽപ്പെട്ട 5, 8 ക്ലാസുകളിലെ വിദ്യാർഥികളായിരിക്കണം. കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 4, 7 ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് ലഭിച്ചവരും, യു.പി, എച്ച്.എസ് വിഭാഗം ക്ലാസുകളിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ചേർന്ന് പഠനം തുടരുന്നവരുമായിരിക്കണം. സ്‌കീം കാലയളവിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ തന്നെ പഠനം തുടരേണ്ടതാണ്. പട്ടികവർഗ വിഭാഗത്തിലെ പി.വി.റ്റി.ജി വിഭാഗത്തിൽപ്പെട്ടവരും, അരനാടൻ, കൂടിയ, മഹാമലസർ, പള്ളിയൻ, തച്ചനാടൻ മൂപ്പൻ, മലപ്പണിക്കർ, മലപണ്ടാരം, അടിയാൻ, എരവാളൻ, ഹിൽ പുലയ, ഇരുള, മലസർ, മലയൻ, മുഡുഗർ, മലവേട്ടുവൻ, പണിയൻ തുടങ്ങിയ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ 'ബി' ഗ്രേഡ് വരെയുള്ളവർക്കും അപേക്ഷിക്കാം. സ്‌കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികളുടെ തെരഞ്ഞെടുക്കപ്പെടുന്ന സമയത്തെ പഠന നിലവാരം തുടർന്നു വരുന്ന വാർഷിക പരീക്ഷകളിൽ കുറയുകയാണെങ്കിൽ സ്‌കീമിൽ നിന്നും ഒഴിവാക്കുന്നതാണ്. അപേക്ഷകരായ 5, 8 ക്ലാസുകളിലെ വിദ്യാർഥികൾ യഥാക്രമം കാറ്റഗറി-1 യു.പി വിഭാഗത്തിലേക്കും, കാറ്റഗറി-2 ഹൈസ്‌കൂൾ വിഭാഗത്തിലേക്കും ടാലന്റ് സെർച്ച് പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്.
പി.എൻ.എക്‌സ്. 2040/2026
- Log in to post comments