മലപ്പുറം കോട്ടക്കുന്നിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു
ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ മലപ്പുറം, ജില്ലാ സ്പോർട്സ് കൗൺസിൽ, ജില്ലാ യോഗ അസോസിയേഷൻ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ട് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ജില്ലാതല പരിപാടി മലപ്പുറം കോട്ടക്കുന്നിൽ വനടന്നു. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ വാർധക്യം യോഗയിലൂടെ എന്ന ഈ വർഷത്തെ അന്താരാഷ്ട്ര യോഗാദിന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ദിനാചരണം സംഘടിപ്പിച്ചത്.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഋഷികേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. അസ് ലു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ.ഷിബുലാൽ, ജില്ലാ യോഗ അസോസിയേഷൻ സെക്രട്ടറി എം.വി. വാസുണ്ണി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷാനവാസ് തയ്യിൽ സ്വാഗതവും ജില്ലാ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. പി.സുമേഷ് നന്ദിയും പറഞ്ഞു.
ദിനാചരണത്തോടനുബന്ധിച്ച് ഡോ. വി.പ്രസീദ, ടി.പി.ധനീഷ് എന്നിവരുടെ നേതൃത്വത്തിൽ 350-ഓളം പേർ പങ്കെടുത്ത മാസ് യോഗ സെഷൻ നടന്നു. തുടർന്ന് യോഗ അസോസിയേഷൻ അംഗങ്ങളുടെ ആർട്ടിസ്റ്റിക് യോഗ, നാഷണൽ ആയുഷ് മിഷൻ ഇൻസ്ട്രക്ടേഴ്സിന്റെ യോഗ സ്കിറ്റ് എന്നിവ അരങ്ങേറി. ഇതോടൊപ്പം മേലാറ്റൂർ, അരീക്കോട് , അന്നപൂർണ്ണ എന്നീ യോഗ ക്ലബ്ബുകളിലെ അംഗങ്ങൾ അവതരിപ്പിച്ച യോഗ ഡാൻസും പരിപാടിയുടെ പ്രധാന ആകർഷണമായി.
- Log in to post comments