സ്വച്ഛ് ഭാരത് മിഷൻ 2.0: മേഖലാതല ശിൽപശാല നടന്നു
സ്വച്ഛ് ഭാരത് മിഷൻ (നഗരം) 2.0 പദ്ധതിയുടെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെയും കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മേഖലാതല ശിൽപശാല സംഘടിപ്പിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി കെ മിനിമോൾ ഉദ്ഘാടനം ചെയ്തു.
സ്വച്ഛ് ഭാരത് മിഷൻ (നഗരം) 2.0 പദ്ധതിയുടെ പ്രവർത്തന പുരോഗതി, മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നടപടികൾ, നഗരസഭകളുടെ ഉത്തരവാദിത്വങ്ങൾ, ഹരിത കർമ്മസേന പ്രവർത്തനങ്ങൾ, ശുചിത്വ റാങ്കിംഗ്, വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
പദ്ധതികളുടെ സമയബന്ധിതമായ നടപ്പാക്കൽ ഉറപ്പാക്കുന്നതിനും നഗരപ്രദേശങ്ങളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ ശിൽപശാലയിൽ അവതരിപ്പിച്ചു.
എറണാകുളം ടൗൺ ഹാളിൽ നടന്ന ശില്പശാലയിൽ ശുചിത്വ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഡോ. ശീതൾ ജി. മോഹൻ,
കേരള മുനിസിപ്പൽ ചെയർമെൻസ് ചേംബർ ചെയർമാൻ എം.പി. ജാക്സൺ, ശുചിത്വ മിഷൻ ഡയറക്ടർ (ഓപ്പറേഷൻസ്) ജഹാംഗീർ, ശുചിത്വ മിഷൻ എക്സ്പേർട്ട് (കപ്പാസിറ്റി ബിൽഡിംഗ്) ആർ. എസ് അമീർഷാ, കേരള മുനിസിപ്പൽ ചെയർമെൻസ് ചേംബർ എക്സിക്യൂട്ടീവ് അംഗങ്ങളായ ജമാൽ മണക്കാട്, രമേശ് ഡി. കുറുപ്പ്, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലെ നഗരസഭാ അധ്യക്ഷന്മാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, സെക്രട്ടറിമാർ, സിറ്റി മിഷൻ മാനേജർമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments