ജില്ലാതല അറിയിപ്പുകൾ
ആചാരസ്ഥാനികർ, കോലധാരികൾക്കുള്ള ധനസഹായം
മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷനിൽ നിന്നും ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാരസ്ഥാനികർ/കോലധാരികൾ 2026 മാർച്ച് മുതൽ ജൂൺ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്സ് ബുക്കിൻ്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ മലബാർ ദേവസ്വം ബോർഡ് ചിറക്കര ക്രൈസ്റ്റ് കോളജിന് സമീപം അസിസ്റ്റന്റ് കമ്മീ ഷണറുടെ ഓഫീസിൽ ജുലൈ ആറിന് മുമ്പായി നേരിട്ട് ഹാജരാക്കണം.
പോളിയിൽ നിയമനം
നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ ഓട്ടോമൊബൈൽ എൻജിനിയറിങ് വകുപ്പിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (യോഗ്യത - ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ), മെക്കാനിക്കൽ എൻജിനിയറിങിൽ വർക്ക്ഷോപ്പ് ഫോർമാൻ (യോഗ്യത - ഡിപ്ലോമ ഇൻ മെക്കാനിക്കൽ), സിവിൽ എൻജിനിയറിങിൽ ട്രേഡ്സ്മാൻ (യോഗ്യത-ടിഎച്ച്എസ്എൽസി/ഐടിഐ) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി. എസ്. സി യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23 രാവിലെ 10.30 ന് നടുവിൽ ഗവ. പോളിടെക്നിക്ക് കോളേജിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
സ്റ്റുഡൻ്റ് കൗൺസിലർ
പട്ടികവർഗവികസന വകുപ്പിന് കീഴിൽ കണ്ണൂർ ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നതിനും, കരിയർ ഗൈഡൻസ് നൽകുന്നതിനുമായി 2026-27 വർഷം സ്റ്റുഡൻ്റ് കൗൺസിലർമാരെ നിയമിക്കുന്നു. ജൂൺ 24 ന് രാവിലെ 11 മണിക്ക് കണ്ണൂർ ഐ.ടി.ഡി.പി. ഓഫീസിൽ വെച്ചാണ് വാക്ക്-ഇൻ-ഇന്റർവ്യൂ. യോഗ്യത: എം.എ. സൈക്കോളജി & എം.എസ്.ഡബ്ല്യു. (സ്റ്റുഡന്റ്സ് കൗൺസിലിംഗ് പരിശീലനം നേടിയിരിക്കണം). പ്രായപരിധി: 2026 ജനുവരി ഒന്നിന് 25 നും 45 നും മദ്ധ്യേ. ഫോൺ: 04972 700357.
പോളിടെക്നിക്ക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക്ക് കോളേജിൽ 2026-27 വർഷം ഡിപ്ലോമ രണ്ടാം വർഷ കോഴ്സുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ ജൂൺ 20 മുതൽ 23 വൈകുന്നേരം 5 മണി വരെ www.le.polyadmission.org ൽ ലഭ്യമാകുന്ന ലിങ്ക് വഴി പുതിയ അപേക്ഷ നൽകി, ജൂൺ 24 മുതൽ 29 വരെയുള്ള ഏതെങ്കിലും ദിവസം രാവിലെ 10 മണിക്ക് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക്കിൽ എത്തണം. മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിദ്യാർഥിനികൾക്ക് ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 9895019821, 9447685420, 9495573560, 9400547253, 04985295101.
ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
ഐഎച്ച്ആർഡിയുടെ കീഴിൽ കല്ല്യാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇ കെ നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ 2026-27 രണ്ടാം വർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള ബയോ മെഡിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് അഡ്മിഷന് ജൂൺ 23 വൈകുന്നേരം അഞ്ച് മണി വരെ ഓൺലൈനായി അപേക്ഷിക്കാം. പ്ലസ് ടു/വിഎച്ച്എസ് ഇ മാത്തമാറ്റിക്സ്, ഫിസിക്സ് ഉൾപ്പെടെ പഠിച്ചവർക്കും, രണ്ട് വർഷ ഐടിഐ പാസ്സായവർക്കും അപേക്ഷിക്കാം. നിലവിൽ അപേക്ഷിച്ചവരും പുതുതായി അപേക്ഷിച്ചവരും ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം ജൂൺ 24 മുതൽ കോളേജ് ഓഫീസിൽ എത്തണം. ഫോൺ: 0497- 2780287, 8547005082, 8129642905, 9495462909.
കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് സ്കോളർഷിപ്പ്
കേരള കെട്ടിടനിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും അംഗ തൊഴിലാളികളുടെ മക്കൾക്ക് അനുവദിച്ചു വരുന്ന എസ്. എസ്. എൽ. സി. പഠന സഹായത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് ഒന്ന് വരെ സ്വീകരിക്കും. വിവിധ കോഴ്സുകൾക്ക് നൽകി വരുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ (ഉന്നത വിദ്യാഭ്യാസം) കോഴ്സ് തുടങ്ങിയ ദിവസം മുതൽ 45 ദിവസം വരെ സ്വീകരിക്കും. ഇതിനകം ആരംഭിച്ച കോഴ്സുകൾക്ക് നൽകി വരുന്ന സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ആഗസ്റ്റ് മൂന്ന് വരെ സ്വീകരിക്കും.
രാത്രികാല വെറ്ററിനറി ഡോക്ടർ
മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിൽ ഇരിക്കൂർ ബ്ളോക്കിലേക്ക് രാത്രികാല മൃഗചികിത്സ സേവനത്തിന് കരാറടിസ്ഥാനത്തിൽ (89 ദിവസത്തേക്ക് മാത്രം) ബി വി എസ് സി & എ എച്ച് വെറ്ററിനറി ബിരുദധാരിയെ തെരഞ്ഞെടുക്കുന്നു. അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ.എസ്.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം ജൂൺ 22 രാവിലെ 11.30 മണിക്ക് കുടിക്കാഴ്ചയ്ക്കായി കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. അന്നേ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസമായിരിക്കും കൂടിക്കാഴ്ച്ച. ഫോൺ 0497-2700267.
ഗതാഗതനിയന്ത്രണം
പെരിങ്ങത്തൂർ-കാഞ്ഞിരക്കടവ് റോഡിൽ ഇൻ്റർലോക്ക് പാകുന്ന പ്രവൃത്തിയുടെ ഭാഗമായി ഇതുവഴിയുള്ള വാഹനഗതാഗതം ജൂൺ 23 മുതൽ 30 വരെ നിരോധിച്ചു. കരിയാട് നിന്നും കിടഞ്ഞിയിൽ നിന്നും വരുന്ന വാഹനങ്ങൾ പുതുശ്ശേരി പള്ളി മുക്കിൽ എത്തി തിരിച്ചു ട്രാൻസ്ഫോർമർമുക്ക്-പള്ളിക്കുനി- മേക്കുന്ന് വഴി തലശ്ശേരിക്കും തിരിച്ചും പോകണം. വടകരയിൽ നിന്നും കരിയാട് വഴി പെരിങ്ങത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ട്രാൻസ്ഫോർമർമുക്ക്-പള്ളിക്കുനി - മേക്കുന്ന് വഴി പെരിങ്ങത്തൂരിലേക്കും മറ്റു അനുയോജ്യമായ വഴികളിലൂടെയും പോകണം.
- Log in to post comments