Skip to main content
a

വായനയിലൂടെ അറിവിന്റെ ഉന്നതിയിലെത്താം: ദീനാമ്മ റോയി

അറിവിന്റെ ഉന്നതിയിലെത്താനുള്ള ശരിയായ വഴി വായനയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ല ഭരണകൂടം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കുളനട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച വായനാദിന- മാസാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തില്‍ മുഖ്യാതിഥിയായിരുന്നു ദീനാമ്മ റോയി.  നാളത്തെ നല്ല പൗരനാകാന്‍ വായനാശീലം ജീവിതത്തിന്റെ ഭാഗമാക്കണം. ഭാഷാനൈപുണ്യവും വ്യക്തിത്വ വികസനും ആര്‍ജിക്കാന്‍ വായനയിലൂടെ സാധിക്കും. പരന്ന വായനയിലൂടെ അറിവ് നേടാന്‍ ഓരോരുത്തരും ശ്രമിക്കണമെന്ന് അവര്‍ പറഞ്ഞു.
ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ വായന അത്യാന്താപേക്ഷിതമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ വ്യക്തമാക്കി. മഹാത്മ ഗാന്ധി, സ്വാമി വിവേകാനന്ദന്‍, എപിജെ അബ്ദുള്‍ കലാം തുടങ്ങിയ മഹാന്‍മാര്‍ വായനയിലൂടെ വ്യക്തിത്വം സൃഷ്ടിച്ചവരാണ്. കുട്ടികള്‍ ഗ്രന്ഥശാലയില്‍ സമയം ചെലവഴിക്കണമെന്നും ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ കൈപ്പുസ്തകം 'എഴുത്തോല' സബ് കലക്ടര്‍ പ്രകാശനം ചെയ്തു.
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല ചെയര്‍പേഴ്സണ്‍ ഫാ. എബ്രഹാം മുളമൂട്ടില്‍ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അംഗം സബിത അജയകുമാര്‍ പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. കാന്‍ഫെഡ് ജില്ല അധ്യക്ഷന്‍ എസ് അമീര്‍ ജാന്‍ വായനാദിന പ്രതിജ്ഞ ചൊല്ലി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി കെ നസീര്‍, കുളനട ഗ്രാമപഞ്ചായത്തംഗവും വായനക്കൂട്ടം കോര്‍ഡിനേറ്ററുമായ ജി രഘുനാഥ്, ആറന്മുള എഇഒ കെ എസ് ജയന്തി, സാക്ഷരതാമിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ റ്റോജോ ജേക്കബ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി. നായര്‍, പിടിഎ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, എസ്എംസി ചെയര്‍മാന്‍ ജോബ് തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീകുമാര്‍, ക്വിസ് മാസ്റ്റര്‍ ബിനു വി കുറുപ്പ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല വൈസ് ചെയര്‍പേഴ്സണ്‍ ജോണ്‍ മാത്യൂസ്, പ്രധാനധ്യാപിക സ്മിത, അധ്യാപകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ഫിലിപ്പ് ജോര്‍ജ്, കെ എസ് ജയരാജ് എന്നിവരെ ആദരിച്ചു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് പി എന്‍ പണിക്കരുടെ 31-ാം ചരമദിനമായ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ വിവിധ പരിപാടികള്‍ വായനാദിന- മാസാഘോഷത്തോടനുബന്ധിച്ച് നടത്തും.

ചിത്രം: 

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കുളനട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച വായനാദിനത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി മുഖ്യാതിഥിയായി സംസാരിക്കുന്നു

 

date