Skip to main content
a

വായനാപക്ഷാചരണം സംഘടിപ്പിച്ചു

ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാതല വായനാപക്ഷാചരണം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി ആര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന പി എന്‍ പണിക്കരുടെ വചനം കുട്ടികള്‍ ജീവിതത്തില്‍ പിന്‍തുടരണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. എക്സിക്യൂട്ടീവ് അംഗം രാജശേഖര കുറുപ്പ് വായനാദിന സന്ദേശം നല്‍കി. വൈസ് പ്രസിഡന്റ് വി കെ പുരോഷത്തമന്‍ പിള്ള, സെക്രട്ടറി പി.ജി. ആനന്ദന്‍, അംഗങ്ങളായ നജീബ് റാവുത്തല്‍, എം എസ് ജോണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹേമ മേരി മാത്യു, അധ്യാപിക സുജ വര്‍ഗീസ്, പിആര്‍ഡി അസിസ്റ്റന്റ് എഡിറ്റര്‍ രാഹുല്‍ പ്രസാദ്, ജില്ല ലൈബ്രറി കൗണ്‍സില്‍ ഓഫീസര്‍ ഐ ദിവ്യ, കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി സലിംകുമാര്‍, അധ്യാപകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബാബു എബ്രാഹമിന്റെ 'കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍' എന്ന പുസ്‌കത്തിന്റെ ആസ്വാദന കുറിപ്പ് സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി ലക്ഷ്മി അജിത് കുമാര്‍ അവതരിപ്പിച്ചു. പി എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ ഐ വി ദാസിന്റെ ജന്മദിനമായ ജൂലായ് ഏഴുവരെ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണം സംഘടിപ്പിക്കുന്നുണ്ട്.

ചിത്രം: 

പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല വായനാപക്ഷാചരണം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി ആര്‍ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

 

date