Skip to main content

തദ്ദേശ അധ്യക്ഷർക്കും കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺമാർക്കുമായി ശിൽപശാല സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും തമ്മിലുള്ള സംയോജിത പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർക്കും കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺമാർക്കുമായി കുടുംബശ്രീ തൃശൂർ ജില്ലാ മിഷൻ ശിൽപ ശാല സംഘടിപ്പിച്ചു.  മുളങ്കുന്നത്തുകാവ് കിലയിൽ സംഘടിപ്പിച്ച പരിപാടി തൃശ്ശൂർ കോർപ്പറേഷൻ മേയറും കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവുമായ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി.

‘തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും’ എന്ന വിഷയത്തിൽ കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ സി.സി. നിഷാദ്,  ജസ്റ്റിൻ മാത്യു എന്നിവർ വിഷയാവതരണം നടത്തി. കുടുംബശ്രീയുടെ ത്രിതല സംഘടനാ സംവിധാനം, നിലവിലെ പ്രവർത്തനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സഹകരണം, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ ലഘൂകരണം, വനിതാ ശാക്തീകരണം, സാമൂഹിക വികസന പ്രവർത്തനങ്ങൾ, ഉപജീവന സംരംഭങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ ശിൽപശാലയിൽ ചർച്ചയായി. കുടുംബശ്രീ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിലും വികസന പ്രവർത്തനങ്ങളുടെ ഏകോപനത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് സംബന്ധിച്ചും അഭിപ്രായങ്ങൾ ഉയർന്നു.

മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിന്ധു അജയകുമാർ, കൈപ്പറമ്പ് സി.ഡി.എസ് ചെയർപേഴ്സൺ ഷീല തെക്കേക്കര, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ കെ. കെ. പ്രസാദ്, കെ. രാധാകൃഷ്ണൻ, അനീസ് മിത്ര തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ അധ്യക്ഷർ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺമാർ, കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date