ജില്ലാ വികസന സമിതി യോഗം ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ എന്നുറപ്പാക്കാന്‍ നിര്‍ദേശം
മഴക്കാലത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെയും സമയബന്ധിതമായും നടത്താന്‍ ജില്ലാ വികസനസമിതി യോഗത്തില്‍ പൊതുനിര്‍ദേശം. ജില്ലാ കലക്ടര്‍ ആനി ജൂല തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുനിരത്തുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്ന പ്രക്രിയ തുടരണമെന്ന നിര്‍ദേശമുയര്‍ന്നു. രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ശുചീകരണം, ഡ്രൈ ഡേ എന്നിവ കൂടുതല്‍ ശക്തമായി നടപ്പാക്കണം. വാര്‍ഡ്തല ശുചീകരണ സമിതികളുടെ പ്രവര്‍ത്തനം വിപുലീകരിക്കണം. തീരദേശമേഖലയായ വാടിയിലെ മാലിന്യനിര്‍മാര്‍ജനത്തിന് കോര്‍പ്പറേഷന്‍ താല്‍കാലിക സംവിധാനം ഏര്‍പ്പെടുത്തണം. ചവറ നിയോജകമണ്ഡലത്തില്‍ ഓടയുടെ ശുചീകരണം കൂടുതല്‍ കാര്യക്ഷമമാക്കണം. കല്ലുംതാഴം, കുറ്റിവട്ടം, നല്ലെഴുത്തുമുക്ക്, തിരുമുക്ക് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ഓടകളുടെ ശുചീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കണം.
ജില്ലാ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിലെ വിവിധ മഴക്കാലമുന്നൊരുക്ക പ്രവൃത്തികളുമായി ബന്ധപ്പെട്ട് പണം അനുവദിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്നും അത് ഉപയോഗപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി അറിയിച്ചു. ജില്ലാ ആശുപത്രിയിലെ നിര്‍മാണപ്രവൃത്തികള്‍
ആരംഭിക്കുന്നതിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ഉടന്‍ നടത്തണം. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കരുതെന്നും നിര്‍ദേശമുയര്‍ന്നു. തൃക്കോവില്‍വട്ടത്തെ ഡോണ്‍ ബോസ്‌കോ റോഡ് പുനര്‍നിര്‍മിക്കണം. ഗ്രാമീണ റോഡുകളിലെ അറ്റകുറ്റപണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തണം. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് പുതിയ ബസ് റൂട്ട് ഒരുക്കണം. തൃക്കോവില്‍വട്ടം, കൊറ്റങ്കര പഞ്ചയത്തുകളില്‍ സ്ഥാപിച്ച ഹൈ മാസ്‌ററ് ലൈറ്റുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണം. ചവറ സെന്റ് ജോണ്‍സ് എല്‍.പി സ്‌കൂളില്‍ താല്‍കാലിക അതിര്‍ത്തി വേലി നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രാമപ്രദേശങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുതി തടസം പരിഹരിക്കും.
തെരുവ്‌നായ ശല്യം പരിഹരിക്കുന്നതിന് കൂടുതല്‍ ഡോഗ്‌ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും. കരുനാഗപ്പള്ളി ഹൈ സ്‌കൂള്‍ ജംഗ്ഷനില്‍ ദേശീയപാത നിര്‍മാണത്തിന് എടുത്ത കുഴി ഉടന്‍ മൂടണം. മേഖലയില്‍ കൂടുതല്‍ ദിശാസൂചിക ബോര്‍ഡുകള്‍സ്ഥാപിക്കണം. പത്തനാപുരം മേഖലയില്‍ വെള്ളക്കെട്ട് പരിഹാരനടപടികള്‍ ഊര്‍ജ്ജിതമാക്കണം. വന്യമൃഗശല്യം രൂക്ഷമായതിനാല്‍ ആര്‍.ആര്‍ ടി ടീമിന്റെ സേവനം മേഖലയില്‍ ഉറപ്പാക്കണം. പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം . പത്തനാപുരം-പുന്നല-ഏനാത്ത് റോഡിന്റെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആണ് മുന്നോട്ടുവച്ചത്.
മന്ത്രി ബിന്ദുകൃഷ്ണയുടെ പ്രതിനിധി ചെറാശേരില്‍ പത്മകുമാര്‍, മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രതിനിധി കെ ബാബുരാജന്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി കെ.എസ് വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍, കെ.സി വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി അഡ്വ എം.ഇബ്രാഹിംകുഞ്ഞ്, ബി.ബി ഗോപകുമാര്‍ എം.എല്‍.എയുടെ പ്രതിനിധി അനിത് കുമാര്‍, സി.ആര്‍ മഹേഷ് എം.എല്‍.എയുടെ പ്രതിനിധി നജീബ് മണ്ണേല്‍, എം.എം നസീര്‍ എം.എല്‍.എയുടെ പ്രതിനിധി ജയിംസ് എന്‍ ചാക്കോ, ജ്യോതികുമാര്‍ ചാമക്കാല എം.എല്‍.എയുടെ പ്രതിനിധി എം ഷാന്‍, സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, എ.ഡി.എം എസ് സജീദ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments