അരുവികള്‍ ഒന്നുചേര്‍ന്ന് മഹാപ്രവാഹമായി; പെണ്‍കരുത്തിന്റെ പ്രതീകമായി വനിതാമതില്‍
കൊച്ചി: സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള വനിതകള്‍ പുതുവര്‍ഷദിനത്തില്‍ കായലും പുഴകളും കടന്ന് കുന്നുകള്‍ താണ്ടി വിവിധ ഭാഗങ്ങളില്‍ അരുവികളായി സംഗമിച്ചപ്പോള്‍ എറണാകുളത്തിന്റെ ദേശീയപാതയോരം വനിതകളുടെ കരുത്തിന്റെ മഹാപ്രവാഹമായി മാറി. അനാചാരങ്ങളുടെ ഇരുണ്ട ചരിത്രത്തിന്റെ വേരുകള്‍ പിഴുതെറിയാന്‍ വ്യവസായ ജില്ലയായ എറണാകുളത്ത് നാലു ലക്ഷം വനിതകളാണ് തോളോടുതോള്‍ ചേര്‍ന്നത്. ജില്ലയില്‍ പൊങ്ങം മുതല്‍ അരൂര്‍ പാലം സൗത്ത് വരെ 49 കിലോ മീറ്ററില്‍ 21 കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.
തൃശൂരുമായി ജില്ല അതിര്‍ത്തി പങ്കിടുന്ന കറുകുറ്റി പോങ്ങത്ത് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് മതിലിലെ ആദ്യ അംഗവും ആലപ്പുഴ ജില്ലാ അതിര്‍ത്തിയായ അരൂര്‍ പാലത്തില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. ടി.വി. അനിത അവസാന അംഗവുമായി.
'നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ലിംഗസമത്വം ഉറപ്പുവരുത്താന്‍ ' മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ ഒത്തുചേരാന്‍ വിവിധ കോണുകളില്‍നിന്നും ആയിരക്കണക്കിന് വനിതകള്‍ എത്തിച്ചേര്‍ന്നു. വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരും തൊഴിലാളികളും ഉദ്യോഗസ്ഥരും തുടങ്ങി പ്രായമായവരും മതിലിന്റെ ഭാഗമായി. വിവിധ നവോത്ഥാന സംഘടനകളെ പ്രതിനിധീകരിച്ചും വര്‍ഗ ബഹുജന സംഘടനകളില്‍ നിന്നുള്ള വനിതകളും അണി ചേര്‍ന്നു.
ഉച്ചയ്ക്ക് രണ്ടരയോടെ വനിതകള്‍ മതിലു തീര്‍ക്കാന്‍ എത്തിത്തുടങ്ങി. ഇടുക്കി ജില്ലയില്‍ നിന്നുള്ളവരും ജീപ്പുകളിലും ബസുകളിലുമായി രണ്ടരയോടെ എത്തി. ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തായാണ് വനിതകള്‍ അണിനിരന്നത്.
പാറക്കടവ്, നെടുമ്പാശേരി, ചെങ്ങമനാട്, കുന്നുകര, പുത്തന്‍വേലിക്കര എന്നീ പഞ്ചായത്തുകള്‍, പറവൂര്‍ മേഖലയിലെ കെ.പി.എം.എസ് അംഗങ്ങള്‍ എന്നിവര്‍
കളമശ്ശേരിയിലെ വനിതാ മതിലില്‍ അണിനിരന്നു.
ആയവന, മാറാടി, ആവോലി ,കല്ലൂര്‍ക്കാട്, പായിപ്ര, ആരക്കുഴ, വാളകം, മഞ്ഞള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും മൂവാറ്റുപുഴ നഗരസഭയും 35 മുതല്‍ 50 വരെയുള്ള കൊച്ചിന് കോര്പ്പറേഷന് ഡിവിഷനുകളും ചക്കരപ്പറമ്പ് മുതല്‍ വൈറ്റില ജംഗ്ഷന് വരെ മതില് തീര്‍ത്തു.
കുണ്ടന്നൂര്‍ മേഖലയില്‍ അരൂര്‍ സൗത്തില്‍ ചെല്ലാനം, കുമ്പലം, കുമ്പളങ്ങി പഞ്ചായത്തുകളും 13 മുതല്‍ 21 വരെയുള്ള കോര്പ്പറേഷന് ഡിവിഷനുകളും അണിചേര്‍ന്നു.
പരിപാടിക്ക് മുന്നോടിയായി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ എന്നിവര്‍ എല്ലാ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി.
ജനാധിപത്യമൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജാതിമതവര്‍ഗ്ഗവര്‍ണ്ണ ഭേദമില്ലാതെ പൊതുജനം തെരുവില്‍ ഒത്തുചേര്‍ന്നു. പ്രതിലോമകരമായ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കുമെതിരെ സംസ്ഥാനസര്‍ക്കാര്‍ വിഭാവനം ചെയ്ത മതില് നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്കുള്ള പാലമാകുമെന്ന് വ്യക്തമാക്കുകയാണ് ജില്ലയിലെ ആവേശകരമായ പങ്കാളിത്തം.
- Log in to post comments