ഐ.ടി.ഐ പ്രവേശനം: ജൂലൈ 10 വരെ അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ഉത്തരമേഖലയിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഐ.ടി.ഐകളിലെ വിവിധ ട്രേഡുകളിലേക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, പ്ലംബർ, വെൽഡർ, ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, സർവേയർ തുടങ്ങി വിവിധ മെട്രിക്/നോൺ-മെട്രിക് കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഡ്രൈവർ കം മെക്കാനിക് കോഴ്‌സിന് 18 വയസ്സും മറ്റ് കോഴ്‌സുകൾക്ക് 14 വയസ്സും തികഞ്ഞിരിക്കണം. ആകെ സീറ്റുകളുടെ 80 ശതമാനം പട്ടികജാതി വിഭാഗത്തിനും, പത്ത് ശതമാനം പട്ടികവർഗ്ഗ വിഭാഗത്തിനും, പത്ത് ശതമാനം മറ്റ് വിഭാഗങ്ങൾക്കുമായി സംവരണം ചെയ്തിരിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'ITI ADMISSION 2026' ലിങ്ക് വഴി ഓൺലൈനായി ജൂലൈ പത്തിനകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകരുടെ പ്രായം, യോഗ്യത, കോഴ്സിന്റെ കാലാവധി സീറ്റുകളുടെ എണ്ണം എന്നിവ ഡയറക്ടർ ജനറൽ ഓഫ് ട്രെയിനിംഗ് ഗവ. ഓഫ് ഇന്ത്യയുടെ നിർദ്ദേശത്തിന് വിധേയമാണ്. ഫോൺ- 0495 2371451.
- Log in to post comments