വൈദ്യുത സുരക്ഷാ വാരാചരണം 2026: ജില്ലാതല ഉദ്ഘാടനം നടന്നു
വൈദ്യുതി അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ വൈദ്യുത സുരക്ഷാ വാരാചരണം ആരംഭിച്ചു. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ തിരൂര്‍ സബ് കലക്ടറും ജില്ലാ വികസന കമ്മീഷണറുമായ ദിലീപ് കെ. കൈനിക്കര നിര്‍വഹിച്ചു. ജൂണ്‍ 26 മുതല്‍ ജൂലൈ രണ്ടു വരെ നടക്കുന്ന വാരാചരണത്തിന്റെ ഈ വര്‍ഷത്തെ സന്ദേശം 'ഇന്നത്തെ അവബോധം, നാളത്തെ പ്രതിരോധം' എന്നതാണ്. വൈദ്യുതി അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവബോധം അനിവാര്യമാണെന്ന് സബ്കളക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
2025-ല്‍ ജില്ലയില്‍ വൈദ്യുത അപകടത്തില്‍ 20 ഓളം പേര് മരിച്ചു. കൂടാതെ മൂന്നു മൃഗങ്ങള്‍ക്ക് ജീവന് നഷ്ടമായി. 2026-ല്‍ ഇതുവരെ എട്ടു പേര് മരിച്ചതായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സി. നവീന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സീനിയര്‍ സൂപ്രണ്ട് എം.പി.ഷാജി സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബി. നിലമ്പൂര്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്രീലാകുമാരി, ഫയര്‍ ആന്‍ഡ് റെസ്ക്യൂ മലപ്പുറം സ്റ്റേഷന് ഓഫീസര്‍ അബ്ദുള്‍ സലീം, അനെര്‍ട്ട് ഡിസ്ട്രിക്ട് എഞ്ചിനീയര്‍ ദില്‍ഷാദ് അഹമ്മദ് ഉള്ളാട്ടില്‍, ഇലക്ട്രിക്കല്‍ വിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനീഷ് പാറക്കന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പി. മുഹമ്മദ് ജലീല്‍ വൈദ്യുത സുരക്ഷാ ബോധവത്കരണ ക്ലാസ്സ് നയിച്ചു.
വൈദ്യുതി അപകടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ബോധവത്ക്കരണ ക്ലാസുകള്‍, മോക്ഡ്രില്‍ തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
- Log in to post comments