വിവരാവകാശ നിയമം ഭരണഘടന നല്കിയ മൗലികാവകാശം: മന്ത്രി പി. സി. വിഷ്ണുനാഥ്
വിവരാവകാശ നിയമം ഭരണകൂടങ്ങളുടെ ദയാദാക്ഷിണ്യം കൊണ്ടുള്ളതല്ലെന്നും രാജ്യത്തെ പാര്‍ലമെന്റും ഭരണഘടനയും നല്കിയ മൗലികമായ അവകാശമാണെന്നും ടൂറിസം, സിനിമ, സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കുണ്ടറ വിസ്മയ കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ച മണ്ഡലതല വിവരാവകാശ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുതാര്യമായ ഭരണസംവിധാനം സര്‍ക്കാരുകളെ സഹായിക്കുകയേ ഉള്ളൂ എന്നതിനാല്‍ നിയമത്തെ ഭയപ്പെടേണ്ടതില്ല.
നിയമസഭയില്‍ ജനപ്രതിനിധികള്‍ക്കുള്ള അവകാശങ്ങളേക്കാള്‍ കൂടുതല്‍ അധികാരം വിവരാവകാശ നിയമം സാധാരണ പൗരന് നല്കുന്നു. നിയമസഭയില്‍ എം.എല്‍.എമാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മറുപടി നീട്ടിവയ്ക്കാനാകും, എന്നാല്‍ വിവരാവകാശ നിയമപ്രകാരം കൃത്യമായ സമയപരിധിക്കുള്ളില്‍ മറുപടി നല്കാന് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. പാര്‍ലമെന്റ്-നിയമസഭാ അംഗങ്ങള്‍ക്ക് ഉള്ളതിനേക്കാള്‍ വലിയ മുന്‍ഗണനയാണ് ഈ നിയമം വഴി സാധാരണക്കാരന് കൈവന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി 140 നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് വിവരാവകാശ കമ്മീഷന് നടത്തുന്ന പ്രത്യേക പരിശീലന പരിപാടിയുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
കുണ്ടറ, പത്തനാപുരം, ചടയമംഗലം എന്നീ നിയോജക മണ്ഡലങ്ങളിലെ വിവിധ വകുപ്പുകളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരും അപ്പീല്‍ അധികാരികളും പങ്കെടുത്തു.
ജ്യോതികുമാര്‍ ചാമക്കാല എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം. ശ്രീകുമാര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി. റിസോഴ്സ് പേഴ്സണ്‍ കെ. പ്രസാദ് വിഷയം അവതരിപ്പിച്ചു, സംശയങ്ങള്‍ക്ക് മറുപടി നല്കി.
- Log in to post comments