ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി, നിരന്തരം സ്വയം അപ്ഡേറ്റ് ചെയ്യുന്നവർക്കാണ് ഭാവിയിൽ മുൻതൂക്കം : മന്ത്രി കെ. എം ഷാജി
ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്തി നമ്മളുടെ കഴിവുകളെ കാലത്തിനനുസരിച്ച് നിരന്തരം അപ്ഡേറ്റ് ചെയ്യുന്നവർക്കാണ് ഭാവിയിൽ മുൻതൂക്കമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി പറഞ്ഞു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അറിയുന്നതുകൊണ്ട് മാത്രം മതിയാകില്ലെന്നും, എ.ഐ.യെ ഫലപ്രദമായി ഉപയോഗിക്കാനും ശരിയായി ചോദ്യങ്ങൾ ചോദിക്കാനും കൃത്യമായ പ്രോംപ്റ്റുകൾ നൽകാനും നമ്മൾ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈബി ഈഡൻ എം.പി എറണാകുളം മണ്ഡലത്തിൽ നടപ്പിലാക്കുന്ന സൗജന്യ നൈപുണ്യ വികസന - തൊഴിൽ പരിശീലന പദ്ധതിയായ 'കണക്ട്' പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഹയർ സെക്കണ്ടറി തലം മുതൽ ബിരുദ-ബിരുദാനന്തര തലംവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകരായ യുവജനങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്നതാണ് കണക്ട് പദ്ധതി. കൈറ്റ്സ് ഫൗണ്ടേഷനുമായും ട്രാൻസോഴ്സ് സൊലൂഷൻസുമായും സഹകരിച്ചാണ് പദ്ധതി മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി എ.ഐ ഡിജിറ്റൽ മാർക്കറ്റിംഗ്, മെഡിക്കൽ കോഡിങ്ങ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, അനാട്ടമി ആന്റ് ഫിസിയോളജി തുടങ്ങിയ പുത്തൻ തലമുറ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്സുകളിലാണ് ഓൺലൈനായി സൗജന്യ പരിശീലനം നൽകുക. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും. താല്പര്യമുള്ളവർക്ക് connecternakulam.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഹൈബി ഈഡൻ എം.പി അധ്യക്ഷനായ ചടങ്ങിൽ കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ, ട്രാൻസോഴ്സ് സൊലൂഷൻസ് മാനേജിങ് ഡയറക്ടർ ആർ അൽ അമീൻ , ചാവറ കൾച്ചറൽ സെൻറർ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാദർ. എമിൽ പുള്ളിക്കാട്ടിൽ, കൈറ്റ്സ് ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജ്മൽ ചക്കരപ്പാടം, ട്രാൻസോഴ്സ് ഡയറക്ടർമാരായ ഡോ. ആർ.എഫ് ഷറഫുദ്ദീൻ , അൻവർ സാദിക്ക് എന്നിവർ പങ്കെടുത്തു.
- Log in to post comments