Skip to main content

നാറ്റ്പാക്കിനെ ശക്തിപ്പെടുത്തും; മന്ത്രി പി കെ ബഷീർ

*നാറ്റ്പാക്കിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നാറ്റ്പാക്കിനെ  കൂടുതൽ ശക്തിപ്പെടുത്തി പൊതുമരാമത്ത് വകുപ്പുമായി ഏകോപനം വർധിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്  മന്ത്രി   പി കെ ബഷീർ പറഞ്ഞു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ (നാറ്റ്പാക്ക്) സുവർണ ജൂബിലി ആഘോഷം മാസ്‌കറ്റ് ഹോട്ടലിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1976 ൽ രൂപീകൃതമായ നാറ്റ്പാക്ക് ഇന്ന് ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ പഠനങ്ങളും ഇൻഫ്രാസ്ട്രക്ചർ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടത്തുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി വളർന്നു.  എന്നാൽ കൺസൾട്ടൻസി ഏജൻസികളുടെ വർധനവിന്റെ പശ്ചാത്തലത്തിൽ നാറ്റ്പാക്ക് പോലുള്ള സ്ഥാപനങ്ങൾ പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടെന്നും അത് മാറ്റി സ്ഥാപനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പുതിയ സർക്കാരിന്റെ  കാഴ്ചപ്പാടനുസരിച്ച് പൊതുമരാമത്ത് വകുപ്പിൽ സമഗ്രമായ പരിഷ്‌കരണങ്ങൾ നടപ്പാക്കും. റോഡുകളുടെയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ഡിസൈനുകളും സ്ട്രക്ചറുകളും പിന്തുടരുന്ന രീതി അവസാനിപ്പിച്ച്  വകുപ്പിലെ ഡിസൈൻ വിംഗും ആർക്കിടെക്ചറൽ വിംഗും ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. റോഡുകൾ, ഫ്‌ളൈഓവറുകൾ, ബൈപ്പാസുകൾ എന്നിവയുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ വലിയ വെല്ലുവിളിയാണ്. ഭൂമി ഏറ്റെടുക്കലിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങളും കാലതാമസവും കാരണം പദ്ധതികളുടെ ചെലവ്  വർധിക്കുന്ന സാഹചര്യമുണ്ട്. 

ജനങ്ങളുടെ സഹകരണത്തോടെ ഭൂമി സൗജന്യമായി വിട്ടുനൽകി റോഡ് വികസനം നടത്തുന്ന മലബാർ രീതി കൂടുതൽ വ്യാപിപ്പിക്കാനാകും. അടിസ്ഥാന സൗകര്യ വികസനത്തിനായി   പൊതു-സ്വകാര്യ മാതൃകയിലുള്ള പദ്ധതികൾക്കും സർക്കാർ   പ്രാധാന്യം നൽകും. പുതിയ ആശയങ്ങളെയും വികസന നിർദേശങ്ങളെയും പൊതുമരാമത്ത് വകുപ്പ് പോസിറ്റീവായി സമീപിക്കും. പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലൂടെ കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി  പറഞ്ഞു.

സുവർണ ജൂബിലി ആഘോഷത്തിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. ഡിസംബറിൽ നടത്തുന്ന രാജ്യാന്തര കോൺക്ലേവ് ' ട്രാൻസ്‌ഫോം 2026' ന്റെ ലോഗോ  റോഡ്  ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേയ്‌സ് മന്ത്രാലയത്തിന്റെ ന്യൂ ടെക്‌നോളജി ഫോർ ഹൈവേ ഡെവലപ്‌മെന്റ് ഡയറക്ടർ  ബിദുർ കാന്ത് ഝായും ഗോൾഡൻ ജൂബിലിയോടനുബന്ധിച്ചുള്ള ആക്ടിവിറ്റി കലണ്ടർ  വാർഡ് കൗൺസിലർ ക്ലീറ്റസും പ്രകാശനം ചെയ്തു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. പി ഹരിനാരായണൻ അധ്യക്ഷനായ  ചടങ്ങിൽ നാറ്റ്പാക്ക് ഡയറക്ടർ പ്രൊഫ. ആശാലത ആർ, സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്  ഡോ. എസ് ഷഹീം തുടങ്ങിയർ സംസാരിച്ചു.  പരിപാടിയോടനുബന്ധിച്ച് 'കേരള ഓൺ ദ മൂവ് : ഷേപ്പിംഗ് ഫ്യൂച്ചർ മൊബിലിറ്റി ഫോർ 2047' എന്ന വിഷയത്തിൽ മേഖലയിലെ വിദഗ്ധരും ശാസ്ത്രജ്ഞൻമാരും പങ്കെടുത്ത ചർച്ചയും നടന്നു.

പി.എൻ.എക്‌സ്. 2557/2026

date