വിവരണാത്മക പരീക്ഷകള്‍ക്കുള്ള ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനം (ഒഎസ്എം) മാര്‍ച്ചോടെ പി.എസ്.സി നടപ്പാക്കും
ഉയര്‍ന്ന തസ്തികകളിലേക്ക് പി.എസ്.സി നടത്തുന്ന വിവരണാത്മക പരീക്ഷകളുടെ നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുന്നതിനായി ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനം മാര്‍ച്ചോടെ പി.എസ്.സി നടപ്പാക്കുമെന്ന് ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന്റെ പ്രവര്‍ത്തനോദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസ് സ്‌കാന്‍ ചെയ്ത് സ്‌ക്രീനില്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കും. സ്‌ക്രീനിന്റെ പകുതി ഭാഗത്തായി ചോദ്യവും മറുഭാഗത്തായി ഉത്തരവും ദൃശ്യമാകുന്ന വിധത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതുമൂലം വേഗത്തില്‍ ഇവയുടെ മൂല്യനിര്‍ണയം നടത്തുവാന്‍ കഴിയും. ഒന്നിലധികം ആളുകളെ കൊണ്ട് ഒരേ പേപ്പര്‍ മൂല്യനിര്‍ണയം നടത്തി കൃത്യത ഉറപ്പാക്കി വളരെ വേഗം ഫലപ്രഖ്യാപനം നടത്തുവാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രതേ്യകത. ബിരുദം അടിസ്ഥാന യോഗ്യതയുള്ള തസ്തികകള്‍ക്ക് ഇപ്പോള്‍ കൂടുതലും ഒബ്ജക്ടീവ് പരീക്ഷകളാണ് നടത്തുന്നത്. ഉദേ്യാഗാര്‍ഥികളുടെ കാര്യശേഷി പരിശോധിക്കുന്നതിന് വിവരണാത്മക പരീക്ഷകള്‍ കൂടുതല്‍ സഹായകരമായതിനാല്‍ ബിരുദം യോഗ്യതയായുള്ള പരീക്ഷകളെല്ലാം വിവരണാത്മക രീതിയില്‍ നടത്തുന്നതിന് ഈ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ കഴിയും. പ്ലാനിംഗ് ബോര്‍ഡിലെ ചീഫിന്റെ സെലക്ഷനുള്ള പരീക്ഷയാണ് ആദ്യമായി ഈ സംവിധാനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷിച്ച് വിജയിച്ച ഈ സംവിധാനമാണ് കേരളത്തിലും നടപ്പാക്കുന്നത്. ഇതോടൊപ്പം ഓണ്‍ലൈന്‍ പരീക്ഷാവ്യാപനവും പി.എസ്.സിയുടെ ലക്ഷ്യമാണ്. പി.എസ്.സിയുടെ സ്വന്തം കേന്ദ്രങ്ങളില്‍ ഇപ്പോള്‍ 1700ഓളം പേര്‍ക്ക് ഒരു സമയം ഓണ്‍ലൈന്‍ പരീക്ഷയെഴുതാന്‍ സംവിധാനമുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പി.എസ്.സിയുടെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളത്. സമീപഭാവിയില്‍ തന്നെ 10000 പേര്‍ക്ക് ഒരു സമയം പരീക്ഷയെഴുതാന്‍ കഴിയുന്ന രീതിയില്‍ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
എല്ലാ ജില്ലകളിലെയും പി.എസ്.സി ഓഫീസുകള്‍ ഭിന്നശേഷിക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് സൗഹൃദമായ രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് പി.എസ്.സി ഓഫീസുകള്‍ മാറ്റുന്നത്. ഉദേ്യാഗാര്‍ഥികള്‍ക്ക് കൂടുതല്‍ സഹായകരമായ രീതിയില്‍ പി.എസ്.സി ഓഫീസുകളുടെ പ്രവര്‍ത്തനം മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എസ്.സി അംഗങ്ങളായ പ്രൊഫ.ലോപ്പസ് മാത്യു, ജിനു സക്കറിയ ഉമ്മന്‍, ഡോ.ഡി.രാജന്‍, റോഷന്‍ റോയ് മാത്യു, പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ്, പി.എസ്.സി മേഖലാ ഓഫീസര്‍ വി.വേണുഗോപാല്‍, ജില്ലാ ഓഫീസര്‍ ജി.ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
പി.എസ്.സി ഓഫീസിന് വേണ്ടി കെട്ടിടം വാടകയ്ക്ക് നല്‍കിയ സി.കെ.വര്‍ഗീസ്, കെട്ടിടത്തിന്റെ ഫര്‍ണിഷിംഗ് നിര്‍വഹിച്ച സില്‍ക്കിന്റെ മാനേജര്‍ സുകേഷ് ആര്‍.പിള്ള എന്നിവര്‍ക്ക് ചെയര്‍മാന്‍ ഉപഹാരങ്ങള്‍ നല്‍കി.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് സമീപമുള്ള ചരുവില്‍ ബില്‍ഡിംഗിലാണ് പുതിയ പി.എസ്.സി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്
(പിഎന്‍പി 30/19)
- Log in to post comments