Skip to main content
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ സംഘാടക സമിതി യോഗം സി കെ കാസിം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: പ്രചാരണത്തിന് വൈവിധ്യമാര്‍ന്ന പ്രീ-ഇവന്റുകള്‍

ജൂലൈ 30, 31, ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിലായി കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരവും രാജ്യത്തെ ഏറ്റവും വലിയ സാഹസിക കായിക മേളകളിലൊന്നുമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം വൈവിധ്യമാര്‍ന്ന പ്രീ-ഇവന്റുകള്‍ സംഘടിപ്പിക്കും. വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് പ്രീ-ഇവന്റുകള്‍ ഒരുക്കുക. 

ജൂലൈ 18ന് തിരുവമ്പാടിയില്‍ നീന്തല്‍ മത്സരം, 19ന് കൂടരഞ്ഞിയില്‍ കൈറ്റ് ഫെസ്റ്റ്, തുഷാരഗിരി അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഓഫ്‌റോഡ് ഫണ്‍ ഡ്രൈവ്, മുക്കത്ത് കബഡി ചാമ്പ്യന്‍ഷിപ്പ്, കൊടിയത്തൂരില്‍ 4x4 വണ്ടിപ്പൂട്ട്, 20ന് വയനാട് ചുരത്തില്‍ മഴ നടത്തം, 23ന് കോടഞ്ചേരി മുതല്‍ തേവര്‍മല വരെ മഴനടത്തം, 25ന് ഓമശ്ശേരിയില്‍ മഡ് ഫുട്ബാള്‍, 25ന് കൂളിമാട് മുതല്‍ തുഷാരഗിരി വരെ സൈക്ലിങ് ടൂര്‍, 26ന് കക്കാടംപൊയിലില്‍ മീന്‍പിടിത്ത മത്സരം, കോഴിക്കോട് മുതല്‍ കയാക്കിങ് സെന്റര്‍ വരെ മണ്‍സൂണ്‍ ബുള്ളറ്റ് ഫണ്‍ റൈഡ്, 29ന് തുഷാരഗിരിയില്‍ കയാക്കിങ് ബ്രഷ് സ്‌ട്രോക്‌സ് എന്നിവയാണ് സംഘടിപ്പിക്കുന്നത്. വയനാട് ചുരം റണ്‍, തലാപ്പിയ ഫിഷിങ് ചാമ്പ്യന്‍ഷിപ്പ്, ട്രക്കിങ് തുടങ്ങിയവ പ്രീ ഇവന്റുകളുടെ ഭാഗമായി നടന്നു. 

കേരള വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി യോഗം സി കെ കാസിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ പല്ലാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജോബി ഇലന്തൂര്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വിന്‍സന്റ് വടക്കേമുറിയില്‍, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ്, സബ് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് വട്ടപ്പറമ്പില്‍, ബോസ് ജേക്കബ്, റോബര്‍ട്ട് നെല്ലിക്കതെരുവില്‍, ബെനിറ്റോ ചാക്കോ, പോള്‍സണ്‍ അറക്കല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date