ഫാം ഡി കോഴ്സിന് 50 ശതമാനം സീറ്റുകളിൽ മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ഉറപ്പാക്കും: മന്ത്രി കെ മുരളീധരൻ
സംസ്ഥാനത്ത് ഈ വർഷം ഫാം ഡി കോഴ്സിന് 50 ശതമാനം സീറ്റുകളിൽ മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചു. കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിംഗ് ഫാർമസി കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ഭാരവാഹികളുമായി സെക്രട്ടേറിയറ്റിലെ ഓഫീസിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മുൻവർഷത്തെ പോലെ മുഴുവൻ സീറ്റിലും പ്രവേശനം നടത്താൻ മാനേജ്മെന്റിന് അധികാരം നൽകണമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ പ്രോസ്പെക്ടസ് പ്രകാരം മാത്രമേ പ്രവേശനം നടത്താനാകൂവെന്ന് മന്ത്രി പറഞ്ഞു.
മെരിറ്റ് സീറ്റിൽ ഒഴിവുണ്ടായാൽ അത് മാനേജ്മെന്റിന് നൽകണമെന്ന ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. ഒരുകാരണവശാലും സീറ്റ് ഒഴിഞ്ഞു കിടക്കാൻ അനുവദിക്കില്ല. മെരിറ്റിലായായലും മാനേജ്മെന്റിലായാലും അർഹരായ എല്ലാകുട്ടികൾക്കും പഠിക്കാൻ അവസരമൊരുക്കും. ഇതിനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മാനേജ്മെന്റുകളുമായി കൂടിയാലോചിക്കാതെ മുൻകാലങ്ങളിൽ തീരുമാനമെടുത്തിരുന്നതായി പ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. എല്ലാവരുമായും കൂടിയാലോചിച്ച് മാത്രമേ ഈ സർക്കാർ തീരുമാനങ്ങളെടുക്കുവെന്നും ഇതിനാവശ്യമായ യോഗങ്ങൾ യഥാസമയം ചേരുമെന്നും മന്ത്രി കെ മുരളീധരൻ കൂട്ടിച്ചേർത്തു.
പി.എൻ.എക്സ്. 2599/2026
- Log in to post comments