അടിക്കാം സെഗ്രിഗേഷന്‍ ഗോള്‍' ചലഞ്ച് മത്സരം നടത്തി
ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശത്തെ മാലിന്യ തരംതിരിക്കല്‍ ബോധവത്ക്കരണവുമായി സമന്വയിപ്പിച്ച് മലപ്പുറം ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിച്ച അടിക്കാം സെഗ്രിഗേഷന്‍ ഗോള്‍ ചലഞ്ച് മത്സരം പെരിന്തല്‍മണ്ണ അല്‍ ജാമിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിനും ഉറവിട മാലിന്യ തരംതിരിക്കലിനും യുവജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും കളിയിലൂടെ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്ന ഇത്തരം നവീന മാതൃകകള്‍ മികച്ച സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു.
2026 സോളിഡ് വേസ്റ്റ് മാനേജ്മന്റ് റൂള്‍സ് പ്രകാരമുള്ള 'നല്ല നാല് വാര്‍ത്തമാനം' എന്ന ആശയം വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫുട്‌ബോള്‍ അധിഷ്ഠിതമായ ഈ നൂതന ബോധവത്ക്കരണ മത്സരം സംഘടിപ്പിച്ചത്. മാലിന്യവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും, നറുക്കെടുപ്പിലൂടെ ലഭിച്ച മാലിന്യം പച്ച, നീല, ചുമപ്പ്, കറുപ്പ് എന്നീ നാല് നിറ ബിന്നുകളില്‍ ഏതിലാണ് നിക്ഷേപിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞ് അതേ നിറത്തിലുള്ള ഗോള്‍പോസ്റ്റിലേക്ക് ഫുട്‌ബോള്‍ കിക്ക് ചെയ്ത് ഗോള്‍ നേടുകയും ചെയ്യുന്ന രീതിയിലായിരുന്നു മത്സരം.
പരിപാടിയില്‍ അല്‍ ജാമിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ സി. കെ. അബ്ദുല്‍ റബ്ബി നസ്താര്‍, ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ അമല്‍ പ്രസാദ്, പ്രോഗ്രാം ഓഫീസര്‍ സിറാജുദ്ദീന്‍ കെ. വൈസ് പ്രിന്‍സിപ്പല്‍ സഫറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വരുന്നദിവസങ്ങളിലും വിവിധ ഇടങ്ങളില്‍ മത്സരം നടത്തും.
- Log in to post comments