Skip to main content

മയക്കുമരുന്നിനെതിരെ 'ഓപ്പറേഷൻ തൂഫാൻ': നിയോജകമണ്ഡലതല പ്രചാരണത്തിന് ഇന്ന് തുടക്കമാകും

 

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ പരിപാടി  ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്ത് മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും തടയുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച 'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്' പദ്ധതിയുടെ രണ്ടാം ഘട്ടമായ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടികൾക്ക് ഇന്ന് (25, വ്യാഴം) തുടക്കമാകും. രാവിലെ 11 മണിക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും വിദ്യാർത്ഥികൾക്ക് 'തൂഫാൻ പ്രതിജ്ഞ' ചൊല്ലിക്കൊടുക്കുകയും ചെയ്യും. ചടങ്ങിൽ  പ്രത്യേകം തെരഞ്ഞെടുത്ത മൂന്ന് വിദ്യാർത്ഥികൾക്കും ,  വി-ഗാർഡ് ഇൻഡസ്ട്രീസ്, ഫെഡറൽ ബാങ്ക് എന്നീ സ്ഥാപനങ്ങൾക്കും ആഭ്യന്തര മന്ത്രി 'തൂഫാൻ വാരിയർ ബാഡ്ജുകൾ' സമ്മാനിക്കും.

 

കഴിഞ്ഞ ജൂൺ 2-ന് തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ച പദ്ധതിയുടെ തുടർച്ചയായാണ് എം.എൽ.എമാരുടെ നേതൃത്വത്തിൽ ഈ മണ്ഡലതല കാമ്പയിൻ സംഘടിപ്പിക്കുന്നത്.   ടി.ജെ. വിനോദ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണവും, പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന  കാർട്ടൂൺ, റീൽസ് മത്സരവിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ, കൊച്ചി മേയർ വി.കെ. മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി, സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ അനു ജോസഫ്, കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശ്വതി ജിജി എന്നിവർ പങ്കെടുക്കും.

date