അറിയിപ്പുകൾ
ലഹരിവിരുദ്ധ ബോധവത്കരണവും ഫൺ റണ്ണും
ജില്ലാ വിമുക്തി മിഷൻ, എറണാകുളം ജില്ലാ ഭരണകൂടം, ജില്ലാ പോലീസ്, മുളവുകാട് പഞ്ചായത്ത്, ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും ഫൺ റണ്ണും സംഘടിപ്പിക്കും. ഇന്ന് (26) രാവിലെ 8.30 ന് വല്ലാർപാടം സെൻ്റ് മേരീസ് ഹൈസ്കൂളിലാണ് പരിപാടി. ലഹരി വിരുദ്ധ ഫൺ റൺ ഫിഷറീസ്, തുറമുഖ എഞ്ചിനിയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ബോധവത്കരണ പരിപാടി ടോണി ചമ്മണി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംപി, ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിറ്റി പോലീസ് ഡെപ്യു ട്ടി കമ്മിഷണർ അശ്വതി ജിജി തുടങ്ങിയവർ സംബന്ധിക്കും.
തൊഴിൽ മേള
എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.
27 ന് രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണിവരെ ആലുവ സെന്റ് സേവിയേഴ്സ് കോളേജ് ഫോർ വിമണ്ടിലാണ് തൊഴിൽമേള. പതിനഞ്ചിലധികം തൊഴിൽ ദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ 500 ലധികം ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുക. എസ്.എസ്.എൽ.സി, പ്ലസ് ടു,ഐ.ടി.ഐ (ഇലക്ട്രീഷ്യൻ, സോളാർ ടെക്നിഷ്യൻ), ഡിപ്ലോമ, ബിരുദം, ബിരുദാന്തര ബിരുദം, എന്നീ യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാം.
ഉദ്യോഗാർത്ഥികൾ 27 ന് രാവിലെ 10 ന് ആലുവ സെന്റ് സേവിയേഴ്സ് കോളേജിൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റയുടെ നാല് കോപ്പി എന്നിവ സഹിതം അഭിമുഖത്തിനായി ഹാജരാകണം.
ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെയും അസാപ് കേരളയുടെ (NCVET അംഗീകൃതം) സഹകരണത്തോടെയും നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായോഗിക പരിശീലനത്തിനും തൊഴിൽ കേന്ദ്രീകൃത പഠനത്തിനും പ്രാധാന്യം നൽകിയാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ജോലി അന്വേഷിക്കുന്നവർക്കും, ഹെൽത്ത് & വെൽനസ് മേഖലയോട് താൽപര്യമുള്ളവർക്കും, കരിയർ ബ്രേക്ക് കഴിഞ്ഞ് വീണ്ടും തൊഴിൽ രംഗത്തേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സിന് അപേക്ഷിക്കാം. പ്രായപരിധിയില്ല.
കോഴ്സിന്റെ ദൈർഘ്യം ഒമ്പത് മാസമാണ്. അഷ്ടാംഗം ആയുർവേദ ചികിത്സാലയം-പട്ടാമ്പി, ആയുർ പാലന ഹോസ്പിറ്റൽ-പാലക്കാട് എന്നിവിടങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
താൽപര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്:
https://forms.gle/X2Qde8qJFex8Pjyr7. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും: 6238094232, 9495999667.
യുഡിഐഡി കാർഡ് ഹാജരാക്കണം
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടും നാളിതുവരെ യുഡിഐഡി കാർഡ് (UDID CARD) എംപ്ലോയ്മെൻറ് രജിസ്ട്രേഷനോട് കൂട്ടിച്ചേർക്കാത്ത ഉദ്യോഗാർത്ഥികൾ തങ്ങളുടെ അസ്സൽ യുഡിഐഡി കാർഡ് ദൂതൻ മുഖേനയോ നേരിട്ട് ഹാജരായോ എത്രയും വേഗം കൂട്ടിച്ചേർക്കണമെന്ന് എറണാകുളം സബ് റീജിയണൽ എംപ്ലോയ്മെൻ്റ് ഓഫീസർ അറിയിച്ചു.
- Log in to post comments