Skip to main content

എം.പി ഫണ്ട് വിനിയോഗം: അവലോകന യോഗം ചേര്‍ന്നു

പൊന്നാനി ലോക്സഭാ മണ്ഡലം എം.പി ഡോ. അബ്ദുസ്സമദ് സമദാനി എം.പി.യുടെ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗം ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. എം.പി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. പദ്ധതികളുടെ പുരോഗതി ഉദ്യോഗസ്ഥര്‍ നിരന്തരമായി വിലയിരുത്തണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

ആകെ 11.26 കോടി രൂപ ചെലവ് വരുന്ന 219 പ്രവൃത്തികളാണ് എം.പി നിര്‍ദ്ദേശിച്ചിട്ടുള്ളത് (മലപ്പുറം ജില്ലയില്‍ 176 പ്രവൃത്തികളും പാലക്കാട് ജില്ലയില്‍ 43 പ്രവൃത്തികളും). ഇതില്‍ 5.96 കോടി രൂപയുടെ 157 പ്രവൃത്തികള്‍ക്ക് ഇതിനകം ഭരണാനുമതി ലഭ്യമായിക്കഴിഞ്ഞു (മലപ്പുറത്ത് 127, പാലക്കാട് ജില്ലയില്‍ 30 പ്രവൃത്തികള്‍). ഇ-സാക്ഷി പോര്‍ട്ടല്‍ വഴി 11.65 ലക്ഷം രൂപയുടെ ആറ്  പ്രവൃത്തികള്‍  പൂര്‍ത്തീകരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 98.07 ലക്ഷം രൂപയുടെ 34 പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയായതായി പോര്‍ട്ടലില്‍ രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 3.75 കോടി രൂപ പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസനത്തിനായി മാറ്റി വെച്ചിട്ടുണ്ട്. ഇതില്‍ 1.68 കോടി രൂപയുടെ പ്രവൃത്തികള്‍ നിലവില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള 2.06 കോടി രൂപയുടെ പദ്ധതികള്‍ എത്രയും വേഗം സമര്‍പ്പിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. 2026-27 വര്‍ഷം  മെയിന്റനന്‍സ് വിഭാഗത്തില്‍ 30 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

യോഗത്തില്‍ എം.പി. ഡോ. അബ്ദുസ്സമദ് സമദാനി എം.പി, പ്ലാനിങ് ഓഫീസര്‍ ടി.വി. ഷാജു, ഫിനാന്‍സ് ഓഫീസര്‍ ഇ. പ്രസീത എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

date