സിവിൽ സ്റ്റേഷൻ ഗേറ്റുകൾക്ക് പേരിടാൻ ജീവനക്കാർക്ക് അവസരം
കാക്കനാട് സിവിൽ സ്റ്റേഷനിലെ ഗേറ്റുകൾക്ക് അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കാൻ ജീവനക്കാർക്ക് അവസരം നൽകാൻ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന എസ്റ്റേറ്റ് കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇതിനായി തയ്യാറാക്കിയ പ്രത്യേക ഗൂഗിൾ ഷീറ്റ് വഴി ഈ മാസം 31 വരെ ജീവനക്കാർക്ക് പേരുകൾ നിർദ്ദേശിക്കാം. ഓഗസ്റ്റ് ആദ്യവാരത്തിൽ വിദഗ്ധ സമിതി ഇവ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുകയും സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.
ജീവനക്കാർക്കായി സിവിൽ സ്റ്റേഷനിൽ 'റീഡിങ് കം റിക്രിയേഷൻ' സൗകര്യം ഒരുക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ഇതിനാവശ്യമായ സ്ഥലം കണ്ടെത്താൻ പി.ഡബ്ല്യു.ഡി.യെ ചുമതലപ്പെടുത്തി.
സിവിൽ സ്റ്റേഷനിൽ അടിയന്തരമായി ഫയർ ഓഡിറ്റ് നടത്താൻ ജില്ലാ ഫയർ ഓഫീസർക്കും, കളക്ടറേറ്റ് വളപ്പിൽ കേടായിക്കിടക്കുന്നതും ലേലം ചെയ്യേണ്ടതുമായ വിവിധ വകുപ്പുകളുടെ വാഹനങ്ങളുടെ പട്ടിക സമർപ്പിക്കാൻ ആർ.ടി.ഒ.യ്ക്കും നിർദ്ദേശം നൽകി.
വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments