Skip to main content

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്നും 2025-26 അധ്യായന വർഷത്തിൽ എസ്എസ്എൽസി/ടിഎച്ച്എസ്എൽസി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർഥികളിൽ നിന്നും പ്ലസ്ടു/വിഎച്ച്എസ്ഇ അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർഥികളിൽ നിന്നും വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി പരീക്ഷയിൽ 70 ശതമാനം മാർക്കും പ്ലസ്ടു/വിഎച്ച്എസ്ഇ പരീക്ഷയിൽ 80 ശതമാനം മാർക്കും മതിയാകും.
സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ച് ആദ്യ ചാൻസിൽ പാസായ വിദ്യാർഥികളെ മാത്രമേ അവാർഡിന് പരിഗണിക്കൂ. പരീക്ഷാതീയതിക്ക് തൊട്ടുമുൻപുള്ള മാസത്തിൽ ക്ഷേമനിധി അംഗം 12 മാസത്തെ അംഗത്വകാലം പൂർത്തീകരിച്ചവരും പരീക്ഷാതീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഇല്ലാതെ പണമടച്ചവരുമായിരിക്കണം.
അപേക്ഷ ഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്സൈറ്റിൽ നിന്നും ക്ഷേമനിധി ഓഫീസിൽ നിന്നും ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ബന്ധപ്പെട്ട പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, അംഗത്തിന്റെ ബാങ്ക് പാസ്ബുക്ക്, (ജോയിന്റ് അക്കൗണ്ട് സ്വീകാര്യമല്ല), ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, അപേക്ഷകർ കർഷക തൊഴിലാളിയാണ് എന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം, മാനദണ്ഡങ്ങളിൽ ഇളവ് ലഭിക്കേണ്ട അപേക്ഷകളിൽ (എസ്.സി/എസ്.ടി), ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയും ഹാജരാക്കണം. അപേക്ഷയിലോ മുകളിൽ സൂചിപ്പിച്ച മറ്റ് രേഖകളിലോ പേര്, വിലാസം എന്നിവയിൽ വ്യത്യാസം ഉണ്ടെങ്കിൽ വൺ ആൻഡ് ദി സെയിം സർട്ടിഫിക്കറ്റും സമർപ്പിക്കണം. അപേക്ഷകൾ ആഗസ്റ്റ് 31 വരെ ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ സ്വീകരിക്കും.
(പി ആർ/എ എൽ പി/1454)

date