ജയിൽ സുരക്ഷയിൽ സാങ്കേതിക വിപ്ലവത്തിന് തുടക്കം; വിയ്യൂർ സെൻട്രൽ ജയിലിൽ ഡ്രോൺ സംവിധാനത്തിന്റെ ട്രയൽ റൺ മന്ത്രി രമേശ് ചെന്നിത്തല വിലയിരുത്തി
കേരള ജയിൽ വകുപ്പിൽ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജയിൽ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിൽ ഡ്രോൺ സർവൈലൻസ് സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ട്രയൽ റൺ സംഘടിപ്പിച്ചു. ട്രയൽ റൺ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തി വിലയിരുത്തി. കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവ്വീസസ് ഡയറക്ടർ ജനറൽ എസ്. ശ്രീജിത്ത്, മധ്യമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ് എസ്. സജീവ് എന്നിവരും മുതിർന്ന ജയിൽ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡ്രോൺ സാങ്കേതികവിദ്യയുടെ പ്രവർത്തനരീതി, സുരക്ഷാ സാധ്യതകൾ, അടിയന്തര സാഹചര്യങ്ങളിലെ പ്രയോജനം എന്നിവയുടെ വിശദമായ അവതരണവും തത്സമയ പ്രദർശനവും നടന്നു.
139 ഏക്കർ വിസ്തൃതിയുള്ള വിയ്യൂർ ജയിൽ കോംപ്ലക്സിൽ സെൻട്രൽ പ്രിസൺ, ഹൈ സെക്യൂരിറ്റി പ്രിസൺ, വനിതാ ജയിൽ, ജില്ലാ ജയിൽ, സബ് ജയിൽ എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 1700 മുതൽ 2000 വരെ തടവുകാരെ പാർപ്പിക്കുന്ന ഈ കോംപ്ലക്സിന്റെ ചില ഭാഗങ്ങളിൽ ചുറ്റുമതിലുകളുടെ അഭാവം, മരങ്ങൾ നിറഞ്ഞ ഭൂപ്രകൃതി, ജീവനക്കാരുടെ പരിമിതമായ എണ്ണം എന്നിവ സുരക്ഷാ നിരീക്ഷണത്തിന് വെല്ലുവിളികൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഡ്രോൺ സംവിധാനത്തിന്റെ സാധ്യതകൾ വിലയിരുത്തുന്നത്.
ജയിൽ ചാട്ടശ്രമങ്ങൾ, ജയിൽ പരിസരത്തേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ, മതിലുകൾക്കും മരങ്ങൾക്കും മുകളിലൂടെ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ അതിവേഗം കണ്ടെത്തുന്നതിനും ആവശ്യമായ സാഹചര്യങ്ങളിൽ ഉടൻ പ്രതികരിക്കുന്നതിനും ഡ്രോൺ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നും വിലയിരുത്തി. മനുഷ്യവിഭവശേഷിക്കൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങൾ കൂടി സംയോജിപ്പിക്കുന്നതിലൂടെ ജയിൽ സുരക്ഷയും അച്ചടക്കവും കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഡ്രോൺ സാങ്കേതികവിദ്യയ്ക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സി.സി.ടി.വി. വിശകലന സംവിധാനവും പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. സംശയാസ്പദമായ ചലനങ്ങൾ, അസാധാരണ സംഭവങ്ങൾ, സുരക്ഷാ ഭീഷണികൾ എന്നിവ വേഗത്തിൽ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകാൻ കഴിയുന്ന സാങ്കേതികവിദ്യയുടെ സാധ്യതകളും പരിപാടിയ്ൽ വിശദീകരിച്ചു.
കേരള ജയിൽ വകുപ്പിന്റെ നവീകരണ പ്രവർത്തനങ്ങളിൽ നിർണായക ചുവടുവയ്പ്പായി വിലയിരുത്തപ്പെടുന്ന ഈ ട്രയൽ റൺ വിജയകരമായി പൂർത്തിയായതോടെ, ഭാവിയിൽ സംസ്ഥാനത്തെ മറ്റ് ജയിലുകളിലും സമാന സാങ്കേതിക സംവിധാനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് ജയിൽ വകുപ്പ് അറിയിച്ചു.
ഡ്രോൺ സംവിധാനത്തിന്റെ സാങ്കേതികത
Federation of Aerospace Engineers and Robotics Innovations (FAERI) ഇന്ത്യയിൽ ചാരിറ്റബിൾ ട്രസ്റ്റായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഡ്രോൺ സംവിധാനത്തിന്റെ ട്രയൽ റൺ നടത്തിയത്. കുട്ടികളിലെ ജന്മസിദ്ധമായ ശാസ്ത്ര-സാങ്കേതിക കഴിവുകൾ ചെറുപ്രായത്തിൽ തന്നെ കണ്ടെത്തി, അവർക്ക് ആവശ്യമായ പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകി ഭാവിയിലെ സാങ്കേതിക വിദഗ്ധരായി വളർത്തിയെടുക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
നമ്മുടെ രാജ്യത്ത് ആധുനിക സാങ്കേതികവിദ്യയുടെ പ്രയോജനം താരതമ്യേന കുറവായി എത്തിയിട്ടുള്ള മേഖലകളിലൊന്നാണ് ജയിൽ സംവിധാനം. ഈ സാഹചര്യത്തിൽ, അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി വിയ്യൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിനെ രാജ്യത്തെ ഏറ്റവും സുരക്ഷിതവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ ജയിലുകളിലൊന്നാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
ഈ പദ്ധതിയുടെ ഭാഗമായി ഘട്ടംഘട്ടമായി നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന പ്രധാന സാങ്കേതിക സംവിധാനങ്ങൾ:
Satellite Image Integration (Aerospace Technology)- ജയിൽ പരിസരത്തിന്റെ വിശാലവും കൃത്യവുമായ നിരീക്ഷണത്തിനായി.
Robotics - സുരക്ഷാ പ്രവർത്തനങ്ങളിൽ റോബോട്ടിക് സംവിധാനങ്ങളുടെ പ്രയോജനം.
Artificial Intelligence (AI) - ബുദ്ധിപരമായ നിരീക്ഷണവും സ്വയമേവ അപകടസാധ്യത തിരിച്ചറിയലും.
Thermal Imaging Night Vision Drones- രാത്രികാല നിരീക്ഷണത്തിനും ഒളിഞ്ഞിരിക്കുന്ന വ്യക്തികളെ കണ്ടെത്തുന്നതിനും.
Drone with Police Siren & Flash Light - അടിയന്തര പ്രതികരണത്തിനും മുന്നറിയിപ്പ് നൽകുന്നതിനും.
Ham Radio Communication -അടിയന്തര സാഹചര്യങ്ങളിൽ വിശ്വസനീയമായ ആശയവിനിമയ സംവിധാനം.
Long Distance High Security Al Cameras - ദീർഘദൂര നിരീക്ഷണത്തിനും എഐ അധിഷ്ഠിത സുരക്ഷാ വിശകലനത്തിനും.
കേരളത്തിലെ Student Police Cadet (SPC) പദ്ധതിയിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി, ജയിൽ വകുപ്പിന് ആവശ്യമായ വിവിധ സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പരിശീലനവും ഓറിയന്റേഷൻ പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള പരിശീലന പരിപാടികൾ തൃശ്ശൂർ ജില്ലയിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
പ്രധാന സാങ്കേതിക സവിശേഷതകൾ
Face Recognition - വ്യക്തികളെ തിരിച്ചറിയുന്നതിനും അനധികൃത പ്രവേശനം കണ്ടെത്തുന്നതിനും.
Crowd Management Alerts - അസാധാരണമായ ആൾക്കൂട്ടമോ ചലനങ്ങളോ കണ്ടെത്തി കൺട്രോൾ റൂമിലേക്ക് തത്സമയ മുന്നറിയിപ്പ് നൽകൽ.
Automated Inmate Counting - അന്തേവാസികളുടെ എണ്ണൽ സ്വയമേവ നടത്തുന്നതിനുള്ള സംവിധാനം.
Thermal Imaging Detection - കാഴ്ചയിൽപ്പെടാത്ത സ്ഥലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന വ്യക്തികളെ കണ്ടെത്തൽ.
Fire Detection - തീപിടിത്തം പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തി മുന്നറിയിപ്പ് നൽകൽ.
Underground Detection Technology - മണ്ണിനടിയിൽ ഒളിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് സംശയാസ്പദ വസ്തുക്കളും കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യ.
Person Tracking - സംശയാസ്പദമായ വ്യക്തികളുടെ ചലനങ്ങൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുന്നതിനുള്ള സംവിധാനം.
ഈ പദ്ധതി ജയിൽ സുരക്ഷയെ കൂടുതൽ ആധുനികവും കാര്യക്ഷമവും സാങ്കേതികവിദ്യ അധിഷ്ഠിതവുമാക്കുന്നതിനൊപ്പം, കേരളത്തിലെ യുവപ്രതിഭകളെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നൂതന സാങ്കേതികവിദ്യകളുടെ വികസനത്തിലേക്ക് കൈപിടിച്ചുയർത്തുന്ന മാതൃകാപരമായ സംരംഭമാകും.
- Log in to post comments