തൃക്കുന്നപ്പുഴ പാലം പണി വേഗത്തിൽ പൂർത്തീകരിക്കണം- ജില്ലാ വികസന സമിതി
തൃക്കുന്നപ്പുഴ പാലം പണി വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി. ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യും.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്നാണ് പാലം പണിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരമായത്.
ദേശീയപാതയുടെ ഇരുവശങ്ങളിലും ശാസ്ത്രീയമായ ഓട സംവിധാനം ഉറപ്പാക്കി സർവീസ് റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് തടയണമെന്നും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.എൽ.എമാരായ പി. പ്രസാദ്, എ.ഡി. തോമസ്, റെജി ചെറിയാൻ എന്നിവർ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷത വഹിച്ചു.
മാക്കേകടവ് നേരെ കടവ് പാലം ആഗസ്റ്റിൽ തന്നെ പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നും അതിനുവേണ്ട പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ പൊതുമരാമത്ത് പാലം വിഭാഗത്തിന് നിർദ്ദേശം നൽകി.
അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ സേവനം രാത്രിയിൽ ഉറപ്പാക്കണമെന്നും തുറവൂർ താലൂക്ക് ആശുപത്രി പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാക്കുന്നതിനു വേണ്ടി വിപുലമായ യോഗം വിളിക്കണമെന്നും
ഡെപ്യൂട്ടി സ്പീക്കർ നിർദ്ദേശിച്ചു.
തുറവൂർ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തിന് ആവശ്യമായ ഡോക്ടർമാരുടെയും ജീവനക്കാരുടെയും തസ്തിക കൂട്ടുന്നത് സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.
ചന്തിരൂർ ഗവൺമെൻറ് സ്കൂളിൻ്റെ കോമ്പൗണ്ടിൽ മുറിച്ചിട്ടിരിക്കുന്ന മരത്തടികൾ 24 മണിക്കൂറിനകം മാറ്റണമെന്നും ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടു. അരൂർ നിയോജക മണ്ഡലത്തിലെ കൃഷി ചെയ്യാതെ കിടക്കുന്ന പാടശേഖരങ്ങളുടെ കണക്ക് ഒരു മാസത്തിനുള്ളിൽ കൃഷിവകുപ്പും റവന്യൂ വകുപ്പും സംയുക്തമായി ചേർന്ന് സമർപ്പിക്കണമെന്നും യോഗം നിർദ്ദേശിച്ചു.
ശാസ്ത്രീയമായ രീതിയിൽ മാത്രമേ ദേശീയപാത നിർമ്മാണത്തിനായി വേമ്പനാട്ടുകായലിൽ നിന്നും മണൽഖനനം ചെയ്യാവൂ എന്ന് പി. പ്രസാദ് എം.എൽ.എ പറഞ്ഞു.
എ.എസ്. കനാലിന്റെ ഒഴുക്കിന് തടസ്സപ്പെടുത്തുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് മാറ്റണം. ചേർത്തല ഇരുമ്പ് പാലത്തിൻറെ സ്ഥലം ഏറ്റെടുക്കൽ പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണം. ദേശീയപാതയുടെ പതിനൊന്നാം മൈൽ ജംഗ്ഷനിലുള്ള അടിപ്പാത എത്രയും പെട്ടെന്ന് തുറന്നു കൊടുക്കണമെന്നും പി. പ്രസാദ് എം.എൽ.എ ആവശ്യപ്പെട്ടു. നാലു ദിവസത്തിനകം തുറക്കുമെന്ന് ദേശീയപാത കരാർ കമ്പനി പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു.
ദേശീയപാതയിലെ പൂങ്കാവിലെ സർവീസ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ 200 ഓളം വീട്ടുകാരാണ് ദുരിതത്തിലാകുന്നതെന്നും ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ദേശീയപാതയിലെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും എ.ഡി. തോമസ് എം.എൽ.എ പറഞ്ഞു. മണ്ണഞ്ചേരി , മാരാരിക്കുളം തെക്ക് എന്നീ ഗ്രാമപഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ഇതിനായി ബന്ധപ്പെട്ട വകുപ്പുകൾ സംയുക്ത പരിശോധന നടത്തി പരിഹാരം കണ്ടെത്തണമെന്നും എം.എൽ.എ പറഞ്ഞു. ഉടനെ തന്നെ പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേരുമെന്നും എം.എൽ.എ അറിയിച്ചു.
കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ഇടുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും മഴയുടെ പേരും പറഞ്ഞ് അനാവശ്യമായി ഇതിൽ കാലതാമസം വരുത്തരുതെന്നും റെജി ചെറിയാൻ എം.എൽ.എ പറഞ്ഞു. കുട്ടനാട് മണ്ഡലത്തിലെ പഞ്ചായത്തുകളിലെ തോടുകളിലെ പായലുകൾ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ
നേതൃത്വത്തിൽ ഉടൻതന്നെ നീക്കം ചെയ്യണമെന്നും ഇതുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിക്കാനും യോഗത്തിൽ തീരുമാനമായി.
കുട്ടനാട്ടിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ മാറ്റം കൊണ്ടുവരണമെന്നും ലൈറ്റ് വെയിറ്റ്
സ്ട്രക്ച്ചറുകൾക്ക് പ്രാധാന്യം നൽകി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നും കുട്ടനാട്ടിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്നും എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കുട്ടനാട്ടിലെ വിവിധ തോടുകളുടെയും ആറുകളുടെയും ആഴം കൂട്ടി നീരൊഴുക്ക് വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തിക്കായി 20 കോടി രൂപയുടെ വിശദമായ പദ്ധതി റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട് എന്നും അത് സർക്കാരിന്റെ പരിഗണനയിലാണെന്നും ജലസേചന എക്സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു.
ചെറുതനയിലെ ആനാരി, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്നുമാസമായി കുടിവെള്ളം കിട്ടുന്നില്ല എന്നും ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്തണമെന്നും യോഗത്തിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജോൺ തോമസ് ആവശ്യപ്പെട്ടു. പാടശേഖരസമിതികളുടെ രജിസ്ട്രേഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക്
പെട്ടെന്ന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹരിപ്പാട് നഗരസഭയ്ക്ക് മുൻവശത്തുള്ള പി.ഡബ്ല്യു.ഡി റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിന് നടപടി സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് എൽ.എസ്.ജി.ഡി വകുപ്പിലെ എ.ഇ മാരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 വർഷമായി ജില്ലാ വികസന സമിതിയിൽ ഉന്നയിക്കുന്ന ഹരിപ്പാട് അഗ്നിരക്ഷാ നിലയ കെട്ടിട നിർമ്മാണത്തിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പൂർണ്ണ പരിഹാരം ഉണ്ടായതായും ജില്ലാ വികസന സമിതിയുടെ ഇടപെടലിനെ തുടർന്ന്
അഗ്‌നി രക്ഷാ വകുപ്പിന്
സ്ഥലം കൈമാറാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വികസന സമിതിയിൽ ഉന്നയിച്ചതിനെ തുടർന്ന് 2025 ഒക്ടോബറിൽ ഇടിമിന്നലേറ്റ് മരിച്ച യുവാക്കളുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം ലഭ്യമാക്കാൻ സാധിച്ചതായും അദ്ദേഹം യോഗത്തെ അറിയിച്ചു.
പുതിയിടം സെന്റ് മേരീസ് ചേരാവള്ളി റോഡ്, ബോയ്സ് ഹൈസ്കൂൾ ജംഗ്ഷൻ - പോലീസ് സ്റ്റേഷൻ റോഡ്, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ - കോടതി റോഡ് - സ്വകാര്യ ബസ് സ്റ്റാന്റ് എന്നീ റോഡുകൾ ബി.എം. ബി.സി പ്രകാരം ചെയ്യുന്നതിന് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. എന്നാൽ ഇതുവരെ നിർമ്മാണം ആരംഭിച്ചിട്ടില്ല എന്ന് സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന്റെ പ്രതിനിധി യു. മുഹമ്മദ് പറഞ്ഞു. കല്ലുംമൂട് - കാഷ്യൂ ഫാക്ടറി ജംഗ്ഷൻ കൂട്ടുംവാതുക്കൽ പഞ്ചാരി മുക്ക് വരെയുള്ള മൂന്ന് കിലോമീറ്റർ റോഡ് ബി.എം. ബി.സി പ്രകാരം ചെയ്യുന്നതിന് നാല് കോടി രൂപയുടെ അടങ്കലുണ്ട്. എന്നാൽ ഇതുവരെ ടെൻഡർ നടപടി പൂർത്തിയായിട്ടില്ല. കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂൾ ഗ്രൗണ്ടിന്റെ ചുറ്റുമതിൽ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നും കായംകുളം ഗേൾസ് ഹൈസ്കൂൾ കെട്ടിടം പണി വേഗത്തിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപാതയ്ക്ക് ഇരുവശവും ശാസ്ത്രീയമായ ഓട സംവിധാനം ഉടൻതന്നെ ദേശീയപാത അതോറിറ്റി ഉറപ്പാക്കണമെന്നും അടച്ചിട്ട ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡ് എത്രയും പെട്ടെന്ന് തുറന്നുകൊടുക്കണമെന്നും ഇതുമൂലം ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും കെ. സി. വേണുഗോപാൽ എം.പിയുടെ പ്രതിനിധിയും മുൻ എം.എൽ.എയുമായ എ. എ. ഷുക്കൂർ പറഞ്ഞു. വട്ടക്കായലിലെ ഹൗസ് ബോട്ട് ടെർമിനലിലേക്ക് റോഡ് കണക്ടിവിറ്റി നൽകണമെന്നും ഇത് വന്നാൽ മനോഹരമായ ഈ സ്ഥലത്തിന് അനന്തമായ ടൂറിസം സാധ്യതകൾ തുറക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അരൂക്കുറ്റിയിലെ ആലപ്പുഴ മെഗാ ടൂറിസം പദ്ധതിക്ക് എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും ജലഗതാഗത വകുപ്പിന്റെയും കൈവശമുള്ള ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കണമെന്നും അല്ലെങ്കിൽ ഇത് മെഗാ ടൂറിസം പദ്ധതിക്ക് തടസ്സമായി മാറും എന്നും അദ്ദേഹം പറഞ്ഞു.
കായംകുളത്തുനിന്ന് അടൂർ ഭാഗത്തേക്ക് രാത്രി 8:30ന് ശേഷം കെ.എസ്.ആർ.ടി.സി സർവീസുകൾ ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും രാത്രികാല സർവീസുകൾ ഉടൻ ആരംഭിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി കെ. ഗോപകുമാർ ആവശ്യപ്പെട്ടു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ ഉദ്ഘാടനം ചെയ്ത കെട്ടിടം എത്രയും പെട്ടെന്ന് തുറന്നു കൊടുക്കണമെന്നും പടഹാരം പാലം വഴി കെ.എസ്.ആർ.ടി.സി സർവീസുകൾ ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.ഡി.എം സി. പ്രേംജി, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ശിവദാസൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments