'ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി ഉദ്ഘാടനം മന്ത്രി എന്‍. ഷംസുദ്ദീന്‍ നിര്‍വഹിച്ചു*
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി പ്രൈമറി വിഭാഗങ്ങളിലെ ഐ.ടി പഠനം കാര്യക്ഷമമാക്കുന്നതിനായി സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) വഴി നടപ്പാക്കുന്ന 'ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ ഓണ്‍ലൈന്‍ ആയി നിര്‍വ്വഹിച്ചു. കൈറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്‌കൂള്‍ പ്രഥമാധ്യാപകരുടെ ശില്‍പശാല ജില്ലയില്‍ അരണാട്ടുകര ഇന്‍ഫന്റ് ജീസസ് ഗേള്‍സ് ഹൈസ്‌കൂളിലാണ് നടന്നത്. ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതിയുടെ ഔദ്യോഗിക മാര്‍ഗ്ഗരേഖയും മന്ത്രി പ്രകാശനം ചെയ്തു.
ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളില്‍ കളിയിലൂടെയുള്ള പഠനം , സര്‍ഗ്ഗാത്മകത, സ്വയംപഠനശേഷി എന്നിവ വികസിപ്പിക്കാനാണ് ഡിജിറ്റല്‍ സ്‌ക്വയര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. ജികോംപ്രിസ് പോലുള്ള എജുടെയിന്‍മെന്റ് സോഫ്റ്റ്വെയറുകള്‍, ഇ-ക്യൂബ് ലാംഗ്വേജ് ലാബുകള്‍, ചിത്രരചനയ്ക്കും അനിമേഷനുമുള്ള സംവിധാനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായി ഇതില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാഴ്ചപരിമിതിയുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിജിറ്റല്‍ സ്‌ക്വയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഡിജിറ്റല്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ 'സൈബര്‍ സുരക്ഷാ പ്രൊട്ടോക്കോള്‍ 2026' ശക്തമായി നടപ്പിലാക്കുമെന്നും, ഇതിനായി സ്‌കൂളുകളിലെ സൈബര്‍ സേഫ്റ്റി കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ പഠനമികവ് വിലയിരുത്തുന്ന 'താരാപഥം' അക്കാദമിക മോണിറ്ററിംഗ് സംവിധാനം, വിദ്യാലയങ്ങളുടെ വിവരശേഖരമായ സ്‌കൂള്‍വിക്കി ശാക്തീകരിക്കുന്നതിനായി 'സ്‌കൂള്‍വിക്കിത്തോണ്‍', ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബുകള്‍ യു.പി തലത്തിലേക്ക് വ്യാപിപ്പിക്കല്‍ എന്നിവയും മന്ത്രി തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു.
പദ്ധതിയുടെ നടത്തിപ്പിനായി മുഴുവന്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കും അധ്യാപകര്‍ക്കും കൈറ്റ് പ്രത്യേക പരിശീലനം നല്‍കുമെന്ന് പദ്ധതി വിശദീകരണം നടത്തി കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു .ജില്ലാ കോര്‍ഡിനേറ്റര്‍ സുഭാഷ് വി., മാസ്റ്റര്‍ ട്രെയിനര്‍മാരായ വിനോദ് സി, ദിലീപ്കുമാര്‍ ടി.റോബിന്‍ കെ കെ, സ്വീറ്റീ ശങ്കരനാരായണന്‍ എന്നിവര്‍ ജില്ലയില്‍ വിവിധ സെഷനുകള്‍ അവതരിപ്പിച്ചു. തുടര്‍ന്നുള്ള ശില്പശാല ജൂലൈ 27-ന് നടക്കും.
- Log in to post comments