സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി
സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അധിക്ഷേപങ്ങൾ തടയുന്നതിന് നടപടികൾ സ്വീകരിക്കാനും പരാതികളിൽ അടിയന്തരമായി കേസെടുക്കാനും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പൊലീസിന് നിർദ്ദേശം നൽകി. ഇത്തരം വിഷയങ്ങളിൽ പോലീസിന്റെ സൈബർ സെൽ കൂടുതൽ ശക്തമായി ഇടപെടേണ്ടതുണ്ട്. ഇത്തരം പരാതികളുള്ള സ്ത്രീകൾക്ക് ആവശ്യമായ നിയമസഹായങ്ങൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി വഴി ലഭ്യമാക്കും. ഡൽഹി സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അധ്യക്ഷ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികളുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കിയാൽ സ്വത്ത് തർക്കം, അതിർത്തി തർക്കം തുടങ്ങിയ പ്രാദേശിക പരാതികൾ അവിടെത്തന്നെ പരിഹരിക്കാൻ സാധിക്കുമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.
തൊഴിലിടങ്ങളിലെ പരാതികൾ പരിശോധിക്കുമ്പോൾ പോഷ് ആക്ട് അനുശാസിക്കുന്ന ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റികൾ രൂപീകരിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾ ഇപ്പോഴും തൃശ്ശൂരിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
തൃശ്ശൂർ ടൗൺഹാളിൽ നടത്തിയ വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്തിൽ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രനും പങ്കെടുത്തു. സിറ്റിംഗിൽ പരിഗണിച്ച 41 പരാതികളിൽ ഏഴെണ്ണം തീർപ്പാക്കി. അഞ്ച് പരാതികളിൽ പൊലീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. ബാക്കിയുള്ള 29 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. ഗാർഹിക പീഡനം, സ്ത്രീധനം, വസ്തുതർക്കം, തൊഴിലിടങ്ങളിലെ പ്രയാസങ്ങൾ, സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പ്രധാനമായും പരിഗണനയ്ക്ക് വന്നത്.
സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ രാമവർമ്മപുരം ഗവ. ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ മിന്നുന്ന വിജയം. ക്രൈസ്റ്റ് കോളേജിലെ 'തവനിഷ്' സംഘടന മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച 'നിറം'ഫാഷൻ ഷോ മത്സരത്തിൽ നാല് പുരസ്കാരങ്ങൾ നേടി ഗവ. ഓൾഡ് ഏജ് ഹോമിലെ അച്ഛനമ്മമാർ താരങ്ങളായി.
പൊതുജനങ്ങളും വിവിധ വൃദ്ധസദനങ്ങളിൽ നിന്നുള്ളവരുമായി 76 പേർ പങ്കെടുത്ത മത്സരത്തിൽ റാംപ് വാക്ക്, സ്വയം പരിചയപ്പെടുത്തൽ, ടാലന്റ് റൗണ്ട് എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. തൃശൂർ ഗവ. ഓൾഡ് ഏജ് ഹോമിനെ പ്രതിനിധീകരിച്ചെത്തിയ 74-കാരിയായ വത്സല 'മിസിസ് ഫീമെയിൽ ഫാഷൻ ഐക്കൺ' ആയി തെരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും കിരീടവും മൊമെന്റോയും നേടി.
72-കാരനായ ശശി ഒന്നാം റണ്ണർ അപ്പായി തെരഞ്ഞെടുക്കപ്പെട്ട് 7,500 രൂപയും മൊമെന്റോയും കരസ്ഥമാക്കിയപ്പോൾ, 75-കാരിയായ കുഞ്ഞുമോൾ രണ്ടാം റണ്ണർ അപ്പായി 5,000 രൂപയും മൊമെന്റോയും നേടി. 70-കാരനായ മോഹൻ 'ബെസ്റ്റ് പെർഫോർമർ' പുരസ്കാരത്തിനും അർഹനായി. 74-കാരനായ മോഹനൻ, 70-കാരനായ വിജയകുമാർ എന്നിവരുൾപ്പെടെ ആറുപേരാണ് തൃശൂർ ഗവ. ഓൾഡ് ഏജ് ഹോമിൽ നിന്ന് മത്സരത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ വർഷവും ഇതേ മത്സരത്തിലെ പ്രധാന പട്ടങ്ങൾ ഇവിടത്തെ താമസക്കാരായ വത്സല, മോഹൻ എന്നിവർക്കായിരുന്നു. തുടർച്ചയായി ലഭിക്കുന്ന ഈ നേട്ടം മുതിർന്ന പൗരന്മാരുടെ ആത്മവിശ്വാസവും സർഗ്ഗശേഷിയും ഉയർത്താൻ ഏറെ സഹായകരമാണെന്ന് ജീവനക്കാരും അന്തേവാസികളും അഭിപ്രായപ്പെട്ടു. പ്രായത്തെ തോൽപ്പിക്കുന്ന ആത്മവിശ്വാസത്തോടെ ഇവർ പുതുതലമുറയ്ക്ക് പ്രചോദനമാകുകയാണ്.
- Log in to post comments