ഹരിത ഓണം 2026: ജില്ലയിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും
നിയമലംഘനങ്ങൾക്ക് പിടിച്ചെടുക്കലും പിഴയും കർശന നടപടിയും
ഓണാഘോഷങ്ങൾ മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായി സംഘടിപ്പിക്കുന്നതിനായി "ഹരിത ഓണം 2026" ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലുടനീളം ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുമെന്ന് ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ എ. ആതിര അറിയിച്ചു. സർക്കാർ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡന്റ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ, കാറ്ററിങ് യൂണിറ്റുകൾ, വഴിയോര കച്ചവടക്കാർ തുടങ്ങി ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഹരിത ചട്ടങ്ങൾ പാലിക്കണം.
പ്ലാസ്റ്റിക് പൂക്കൾ, കൊടിതോരണങ്ങൾ, ഇലകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, പ്ലേറ്റുകൾ, കപ്പുകൾ, തെർമോകോൾ ഉത്പന്നങ്ങൾ, നിരോധിത ഭക്ഷണ പാക്കേജിങ് സാമഗ്രികൾ എന്നിവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം. പേപ്പർ കപ്പുകളും പേപ്പർ പ്ലേറ്റുകളും ഉപയോഗിക്കാതെ, സ്റ്റീൽ, ഗ്ലാസ്, സെറാമിക് പാത്രങ്ങൾ, വാഴയില തുടങ്ങിയ പുനരുപയോഗിക്കാവുന്നതും പ്രകൃതി സൗഹൃദവുമായ ബദലുകൾ സ്വീകരിക്കണം. ആഘോഷങ്ങളിൽ മാലിന്യം പരമാവധി കുറച്ച്, ജൈവ-അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നിർദേശിച്ചു.
ഓണത്തോടനുബന്ധിച്ച് ജില്ലയിൽ പ്രത്യേക എൻഫോഴ്സ്മെന്റ് പരിശോധനകൾ ശക്തമാക്കും. വിപണികൾ, ഓണക്കച്ചവട കേന്ദ്രങ്ങൾ, ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ, വഴിയോര കച്ചവട കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണം, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ കണ്ടെത്തിയാൽ ബന്ധപ്പെട്ട നിയമപ്രകാരം വസ്തുക്കൾ പിടിച്ചെടുക്കുകയും നിയമാനുസൃത പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. പ്ലാസ്റ്റിക് രഹിതവും മാലിന്യമുക്തവുമായ ഓണാഘോഷത്തിനായി എല്ലാവരും കൈകോർക്കണമെന്നും ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ എ. ആതിര അഭ്യർത്ഥിച്ചു.
- Log in to post comments