Skip to main content
കോട്ടയം ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന റവന്യൂ വകുപ്പിൻറെ ജില്ലാതല അവലോകന യോഗത്തിൽ റവന്യു മന്ത്രി എ.പി. അനിൽകുമാർ സംസാരിക്കുന്നു.

ജനങ്ങളെ കേൾക്കുന്നത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം-മന്ത്രി എ.പി. അനിൽകുമാർ

വിവിധ ആവശ്യങ്ങളുമായി എത്തുന്ന ജനങ്ങൾക്ക് സാധ്യമായ സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ തയാറാകണമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. റവന്യൂ വകുപ്പിന്റെ കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യൂ വകുപ്പിന്റെ മുഖമാണ് വില്ലേജ് ഓഫീസുകൾ. ഉദ്യോഗസ്ഥർക്കു മുന്നിലെത്തുന്ന എല്ലാ വിഷയങ്ങൾക്കും പരിഹാരം സാധ്യമാകണമെന്നില്ല. എന്നാൽ ജനങ്ങളെ കേൾക്കാനും സമാശ്വസിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ജീവനക്കാർക്കുണ്ട്.  ജനങ്ങൾക്കു നൽകുന്ന സേവനം നമ്മുടെ ഔദാര്യമല്ല. സമൂഹത്തിലെ പാവപ്പെട്ടവർക്ക് അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണനനൽകുന്നത്. സർവേ നടത്തിപ്പിന് മതിയായ ജീവനക്കാരില്ലാത്തത് സർക്കാർ ഗൗരവമായാണ് കാണുന്നത്. സ്ഥിരം തസ്തികകൾ വരുന്നതുവരെ താൽക്കാലിക സംവിധാനത്തിലൂടെയാണെങ്കിലും സർവേ നടപടികൾ തടസമില്ലാതെ തുടരണം. പട്ടികജാതി-പട്ടികവർഗ കോളനികളിലെ മുഴുവൻ പട്ടയങ്ങളും ഒരുവർഷത്തിനുള്ളിൽ നൽകണം-മന്ത്രി നിർദേശിച്ചു.ഭൂമി പതിച്ചു നൽകൽ, പട്ടയ വിതരണം, ഭൂമി ഏറ്റെടുക്കൽ, തരംമാറ്റം, കൈയേറ്റം ഒഴിപ്പിക്കൽ, ഡിജിറ്റർ സർവേ പ്രവർത്തനങ്ങൾ, ഭൂമി ഏറ്റെടുക്കൽ പദ്ധതികൾ, സ്മാർട്ട് വില്ലേജ്, നികുതിപിരിവ്, കുടിശിക, ഓഡിറ്റ്, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളിലെ പ്രവർത്തന പുരോഗതി ഉദ്യോഗസ്ഥർ വിശദീകരിച്ചു. ലാൻഡ് റവന്യൂ കമ്മിഷണർ എച്ച്. ദിനേശൻ, ജോയിന്റ് കമ്മിഷണർ സഫ്ന നസ്റുദീൻ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, സർവേ ഡയറക്ടർ ജെ.ഒ. അരുൺ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്  സോളി ആന്റണി, പാലാ, കോട്ടയം ആർ.ഡി.ഒമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, സ്‌പെഷ്യൽ തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ, സീനിയർ സൂപ്രണ്ടുമാർ, ജൂനിയർ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ വില്ലേജ് ഓഫീസർമാരുമായി മന്ത്രി ഓൺലൈൻ മീറ്റിംഗിൽ സംവദിച്ചു.അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നത് ഉൾപ്പെടെ അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർ ഉന്നയിച്ച വിവിധ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
 

date