Skip to main content

പിറവം മണ്ഡലത്തില്‍ 5.53 കോടി രൂപ അനുവദിച്ചു 

 

 ആശുപത്രി കെട്ടിടങ്ങളുടെ നിര്‍മ്മാണ നടപടി  ഉടന്‍ തുടങ്ങും: മന്ത്രി അനൂപ് ജേക്കബ് 

പിറവം: കേന്ദ്ര ധനകാര്യ കമ്മിഷന്‍ അനുവദിച്ച ഹെല്‍ത്ത് ഗ്രാന്‍ഡില്‍ വകയിരുത്തി പിറവം നിയോജക മണ്ഡലത്തിലെ മൂന്ന് ഗവ. ആശുപത്രികള്‍ക്ക് കെട്ടിടനിര്‍മ്മാണത്തിനും മറ്റ് അടിസ്ഥാന വികസനത്തിനുമായി 5.53 കോടി രൂപ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പാമ്പാക്കുട, ഇലഞ്ഞി, കാക്കൂര്‍ ആശുപത്രികള്‍ക്കാണു തുക അനുവദിച്ചത്.
പാമ്പാക്കുട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു നാലു കോടിയും ഇലഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിനു 1.43 കോടിയും കാക്കൂര്‍ ജനകീയാരോഗ്യ കേന്ദ്രത്തിന് 10 ലക്ഷം രൂപയുമാണ് ഗ്രാന്റ് അനുവദിച്ചത്. ആശുപത്രി വികസനത്തിനായി കേന്ദ്ര ഗ്രാന്റ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം കേന്ദ്ര- സംസ്ഥാന ആരോഗ്യവകുപ്പു മന്ത്രിമാര്‍ക്ക് നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണു നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ ഗ്രാന്‍റ് ലഭിച്ചത്. തന്‍റെ നിര്‍ദ്ദേശപ്രകാരം പാമ്പാക്കുട ആശുപത്രി വികസനത്തിന് വിശദമായ പ്രൊപ്പോസല്‍ തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണത്തിനായി ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. എം.എല്‍.എ എന്ന നിലയില്‍ നിര്‍ദ്ദേശം നല്‍കിയാണ് പാമ്പാക്കുട ആശുപത്രിയെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തിയ നിരന്തര സമ്മര്‍ദ്ദത്തിന്‍റെ ഫലമാണു കേന്ദ്രാനുമതിയെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. ഗ്രാന്‍റ് അടിയന്തരമായി ലഭ്യമാക്കണമെന്ന് മന്ത്രി മുരളീധരന്‍ കഴിഞ്ഞമാസം കേന്ദ്ര ആരോഗ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു.

പാമ്പാക്കുട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഐപി കെട്ടിടം പൊളിച്ചു നീക്കി മൂന്നു നിലയുള്ള പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്ന് വിശദമായ എസ്റ്റിമേറ്റ് തയാറാക്കും. അത്യാഹിത വിഭാഗം, മാതൃശിശു സംരക്ഷണ കേന്ദ്രം, ഐ.പി., പാലിയേറ്റീവ് വിഭാഗം, ഓഫീസ്, ഡ്യൂട്ടിറൂമുകള്‍, കാന്‍റീന്‍, ലോണ്‍ട്രി സൗകര്യം തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്.

ഇലഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ പൊതുജനാരോഗ്യ കേന്ദ്രം, മാതൃശിശു സംരക്ഷണ കേന്ദ്രം, ഓഫീസ് സൗകര്യങ്ങള്‍ ഉണ്ടാകും. നിലവിലുള്ള കെട്ടിടത്തില്‍ ഒ.പി. നിലനിര്‍ത്തും. കാക്കൂര്‍ ആശുപത്രിയുടെ വികസനത്തിന് കഴിഞ്ഞ വര്‍ഷം 55 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതോടെ 65 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യങ്ങളും പ്രാഥമിക ആരോഗ്യ സംവിധാനങ്ങളും ശക്തിപ്പെടുത്താനായി അനുവദിക്കുന്ന സാമ്പത്തിക സഹായമാണ് കേന്ദ്ര ഹെല്‍ത്ത് ഗ്രാന്‍ഡ്.

date