നെഹ്റുട്രോഫി :പബ്ലിസിറ്റി കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
ആഗസ്റ്റ് 22 ന് പുന്നമടക്കായലിൽ നടക്കുന്ന 72ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ പബ്ലിസിറ്റി കമ്മറ്റി ഓഫീസ് കളക്ട്രേറ്റിൽ ജില്ലാ കളക്ടർ ഷാജി വി നായർ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയുടെയും കേരളത്തിന്റെയും വികാരമായ നെഹ്റുട്രോഫി വള്ളംകളിയെ കൂടുതൽ ജനകീയമാക്കാനും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളിലെത്തിക്കാനും വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
വള്ളംകളിയുടെ പ്രചാരണാർത്ഥം വിപുലമായ പരിപാടിളാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കുന്നത്. കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രരചന(നിറച്ചാർത്ത്), ഫേസ് പെയിന്റിങ്, കമന്ററിമത്സരം എന്നിവയടക്കം വിവിധതരം മത്സരങ്ങൾ, പ്രദർശനങ്ങൾ, നെഹ്റുട്രോഫി പ്രയാണം എന്നിവ സംഘടിപ്പിക്കും. കൂടാതെ സാമൂഹികമധ്യമങ്ങളിലടക്കം വിപുലമായ പ്രചാരണപ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പബ്ലിസിറ്റി കമ്മിറ്റി കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസറുമായ കെ എസ് സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളും നഗരസഭാംഗങ്ങളുമായ ബെന്നി ജോസഫ്, എ.എം.നൗഫൽ, ബിജി ശങ്കർ, സി. പ്രദീപ്, ഡോ. നെടുമുടി ഹരികുമാർ, എ.എൻ.പുരം ശിവകുമാർ,ടി.ആർ. ആസാദ്, അബ്ദുൽസലാം ലബ്ബ, കെ. നാസർ, രമേശൻ ചെമ്മാപറമ്പിൽ, സുഭാഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു.
- Log in to post comments