Skip to main content

പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കൽ ഒഫീസർ

 

ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്  ഉണ്ടാകുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം. 
മലിനമായ മണ്ണിലും, ചെളിയിലും,  വെള്ളക്കെട്ടിലും എലിപ്പനിയുടെ രോഗാണുക്കൾ ഉണ്ടാകാം. ശരീരത്തിലെ നേർത്ത സ്തരങ്ങളിലൂടെയും മുറിവുകളിലൂടെയും ഇവ ശരീരത്തിൽ പ്രവേശിച്ച് എലിപ്പനിക്ക് കാരണമാകും. എലിപ്പനി അതിവേഗം മാരകമായി മരണം സംഭവിക്കാവുന്ന രോഗമാണ്. ചെളിയിലും വെള്ള  ക്കെട്ടിലും ഇറങ്ങിയവരും, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും മലിനമായ ജലവുമായും മണ്ണുമായും സമ്പർക്കത്തിൽ വരുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നവരും ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരും  ഗംബൂട്ട് , കൈയ്യുറ എന്നിവ ധരിക്കണം .  ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം ഡോക്സി സൈക്ലിൻ  ഗുളിക നിർബന്ധമായും കഴിക്കുകയും വേണം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും എലിപ്പനി പ്രതിരോധ മരുന്ന് ലഭ്യമാണ്.

*ജലജന്യ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ ഉണ്ടാകാതിരിക്കാൻ 
     ആഹാര പാനീയ വ്യക്തി ശുചിത്വ കാര്യങ്ങളിലും പരിസര ശുചിത്വത്തിലും വളരെ ശ്രദ്ധ വേണം. മഴവെള്ളത്തിൻ്റെ കുത്തൊഴുക്കിൽ ജലസ്രോതസ്സുകൾ മലിനമാകാം.
കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ക്യാമ്പുകളിൽ താമസിക്കുന്നവർ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക.

പനി  ഉണ്ടായാൽ ഉടൻ ചികിത്സ തേടണം
പനി പല രോഗങ്ങളുടെയും ഒരു രോഗലക്ഷണമാണ്. പനി ചിലപ്പോൾ എലിപ്പനിയോ , ഡെങ്കിപ്പനിയോ , മഞ്ഞപ്പിത്തമോ, പകർച്ചപ്പനിയോ ആകാം.
 പനി , ശരീര വേദന, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ മാസ്ക് ധരിക്കുക. സ്വയം ചികിത്സ പാടില്ല

പാമ്പ് കടിയേൽക്കാതിരിക്കാനും കടിയേറ്റാൽ ശാസ്ത്രീയമായ ചികിത്സ എടുക്കാനും ശ്രദ്ധിക്കുക

മഴമൂലം മാളങ്ങളിൽ വെള്ളം കയറി പാമ്പുകൾ വീടുകളിലും പരിസരപ്രദേശങ്ങളിലും കയറുവാനും പാമ്പുകടിയേൽക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ   പ്രത്യേക ശ്രദ്ധ വേണം.  വീടിനുള്ളിലും പരിസരത്തും വിറക്,  മറ്റു പാഴ്‌വസ്തുക്കൾ എന്നിവ  കൂട്ടിയിടരുത്.  വാതിലുകളും ജനലുകളും തുറന്നിടരുത്.  വീടിനുള്ളിൽ ടോർച്ച് ഉപയോഗിച്ച് നിരീക്ഷിച്ച് ഇഴജന്തുക്കളില്ലായെന്ന് ഉറപ്പുവരുത്തണം. രാത്രി ടോർച്ച് ഉപയോഗിച്ച് മാത്രം പുറത്തിറങ്ങുക .പാദങ്ങൾ മൂടുന്ന തരത്തിലുള്ള പാദരക്ഷകൾ ധരിക്കുക

പാമ്പുകടിയേറ്റ 
വ്യക്തിക്ക് പ്രഥമ ശുശ്രൂഷ നൽകുകയും ശാസ്ത്രീയമായ ചികിത്സ ലഭ്യമായ ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും വേണം.  
 
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാമ്പുകടിയേറ്റാൽ
പരിഭ്രാന്തരാകരുത്. ഭയം വിഷത്തിൻ്റെ വ്യാപനം വർദ്ധിപ്പിക്കും.

കടിയേറ്റ ഭാഗം അനക്കാതിരിയാൻ ശ്രദ്ധിക്കണം . കടിയേറ്റ ഭാഗം ഹൃദയനിരപ്പിന് താഴെയായി വെയ്ക്കുക.

കടിയേറ്റ സ്ഥലത്തിന് ചുറ്റും ആഭരണങ്ങളോ ഇറുകിയ വസ്ത്രങ്ങളോ ഉണ്ടെങ്കിൽ മാറ്റുക.

കടിയേറ്റ ഭാഗം മുറുക്കി കെട്ടരുത്.

കടിയേറ്റ വ്യക്തിയെ ഇടതുവശം ചരിഞ്ഞു വലതുകാൽ മടക്കി കൈകളിൽ മുഖം ചേർത്ത് കിടത്തുക

പാമ്പിനെ പിടിക്കാനോ കൊല്ലാനോ വേണ്ടി സമയം കളയരുത് സാധ്യമെങ്കിൽ അതിൻ്റെ നിറം/അടയാളങ്ങൾ മാത്രം ശ്രദ്ധിക്കുക, ഫോട്ടോ എടുക്കാം

പാമ്പുകടി ഏറ്റാൽ ഉടൻ തന്നെ പാമ്പുകടിക്ക് ചികിത്സയുള്ള അടുത്തുള്ള ആശുപത്രിയിൽ ( ആൻ്റി വെനം ലഭ്യമായ ഇടങ്ങളിൽ) എത്തുക, കാലതാമസം അപകടകരമാകാം.
ആലുവ ജില്ലാ ആശുപത്രി , എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി ,  
ഗവ മെഡിക്കൽ കോളേജ്, കളമശ്ശേരി, തൃപ്പുണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രി, അങ്കമാലി താലൂക്ക് ആശുപത്രി, ഞാറയ്ക്കൽ താലൂക്ക് ആശുപത്രി,  പള്ളുരുത്തി താലൂക്ക് ആശുപത്രി ,പിറവം താലൂക്ക് ആശുപത്രി , 
താലൂക്ക്  ആശുപത്രി കരുവേലിപ്പടി, താലൂക്ക് ആസ്ഥാന ആശുപത്രി ഫോർട്ട്കൊച്ചി, 
താലൂക്ക് ആസ്ഥാന ആശുപത്രി കോതമംഗലം,
താലുക്ക് ആസ്ഥാന ആശുപതി പറവൂർ, 
താലൂക്ക് ആസ്ഥാന ആശുപത്രി പെരുമ്പാവൂർ
, സ്ത്രീകളുടെയും കുട്ടികളുടെയും
ആശുപത്രി മട്ടാഞ്ചേരി
എന്നിവിടങ്ങളിൽ ആൻ്റി വെനം ലഭ്യമാണ്.

date