ഉരുൾപൊട്ടൽ: ചെറുപുഴയിലെ നാശനഷ്ടങ്ങൾ സർക്കാരിന്റെ പ്രത്യേക ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മന്ത്രി സണ്ണി ജോസഫ് -ഉരുൾപൊട്ടിയ ജോസ്ഗിരി പ്രദേശം മന്ത്രി സന്ദർശിച്ചു
ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം നേരിട്ട ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ജോസ്ഗിരി, രാജഗിരി, കട്ടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളുടെ അവസ്ഥ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ശനിയാഴ്ച രാവിലെ ജോസ്ഗിരിയിലെത്തി ഉരുൾപൊട്ടിയ പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ നേരിൽ കണ്ടശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
"നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് തയ്യാറാക്കാൻ പഞ്ചായത്ത്, കൃഷി, വില്ലേജ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങൾ സംബന്ധിച്ച് ലഭിച്ച എല്ലാ അപേക്ഷകളും അതാത് വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയോടും റവന്യു വകുപ്പ് മന്ത്രിയുമായും ഇക്കാര്യം പ്രത്യേകം സംസാരിക്കും. റോഡുകളുടെ തകർച്ച പൊതുമരാമത്തു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. നടപടികൾ വേഗത്തിലാക്കാൻ തഹസിൽദാർക്ക് നിർദേശം നൽകിയിട്ടുണ്ട്," മന്ത്രി പറഞ്ഞു.
ഉരുൾ പൊട്ടലിൽ ഒറ്റപ്പെട്ട കുടുംബങ്ങളിലെ ആളുകളെ നേരിൽ കണ്ട് മന്ത്രി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, പഞ്ചായത്തംഗം ഷൈമ തച്ചുകുന്നേൽ, റോഷി ജോസ്, അനീഷ് ആന്റണി, തുടങ്ങിയവരും, പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ജന പ്രതിനിധികളും, നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു.
- Log in to post comments