ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകി സർക്കാരിന്റെ വിപണിയിടപെടൽ ശക്തമെന്ന് മന്ത്രി എം. ലിജു ഓണം ജില്ലാ ഫെയർ:സബ്‌സിഡി ഉൽപ്പന്നങ്ങൾക്ക് 50% വരെ വിലക്കുറവ്
സംസ്ഥാനത്തെ സാധാരണക്കാർക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനും വിപണിയിലെ വിലക്കയറ്റം തടയുന്നതിനുമായി സംസ്ഥാന സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തുകയാണെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു.
സപ്ലൈകോ ഒരുക്കിയ ഓണം ജില്ലാ ഫെയർ ആലപ്പുഴ വൈ എം സി എ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി
സപ്ലൈകോയും സഹകരണ വകുപ്പിന് കീഴിലുള്ള കൺസ്യൂമർഫെഡുമാണ് വിപണിയിലെ വിലനിലവാരം നിയന്ത്രിച്ചു നിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.
സപ്ലൈകോ വഴി 13 അവശ്യസാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നതിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് നേരിട്ട് പ്രയോജനം ലഭിക്കുന്നത്. പൊതുവിപണിയിൽ കിലോയ്ക്ക് 51 രൂപയുള്ള ജയ അരി സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി 33 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്.
സബ്‌സിഡി ഉൽപ്പന്നങ്ങൾക്ക് പൊതുവിപണിയേക്കാൾ 50 ശതമാനത്തോളം വിലക്കുറവുണ്ട്. ഓണക്കാലത്ത് ആവശ്യകത വർധിക്കുമ്പോൾ കൃത്രിമമായി വില ഉയരുന്നത് തടയാൻ ഇത്തരം വിപണിയിടപെടലുകൾ സഹായിക്കും. ഒരു ഉൽപ്പന്നത്തിന് വില കൂടുമ്പോൾ മറ്റ് അവശ്യസാധനങ്ങൾക്കും അനാവശ്യമായി വില കൂട്ടുന്ന പ്രവണത തടയാൻ സഹകരണ വകുപ്പിന്റെയും സപ്ലൈകോയുടെയും വിപണികൾക്ക് സാധിക്കുന്നുണ്ട്. സബ്‌സിഡിയില്ലാത്ത സാധനങ്ങളും വിപണി നിരക്കിനേക്കാൾ കുറഞ്ഞ വിലയിലാണ് ഫെയറുകൾ വഴി ജനങ്ങളിലേക്ക് എത്തിക്കുന്നത്. ആലപ്പുഴയിലെ ജനങ്ങൾക്ക് ഉന്നത ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തടസ്സമില്ലാതെയും ന്യായമായ നിരക്കിലും ലഭ്യമാക്കാൻ ഈ ഓണം വിപണിയിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എ.ഡി തോമസ് എം എൽ എ അധ്യക്ഷനായി.
വിശിഷ്ടാതിഥിയായിരുന്ന
ജി. സുധാകരൻ എം.എൽ.എ.
സ്പെഷ്യൽ ഓണക്കിറ്റ് വിതരണം
നിർവഹിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ആദ്യ വിൽപ്പന നടത്തി.
എറണാകുളം മേഖലാ മാനേജർ പി എസ് ശ്രീമ, നഗരസഭാംഗം സിനി, ജില്ലാ സപ്ലൈ ഓഫീസർ എം ആർ മനോജ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ എക്സ്ക്ലുസീവ് ഓണം ഫെയറിൽ സപ്ലൈകോയുടെ ഗുണമേന്മയേറിയ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, സബ്സിഡി സാധനങ്ങൾ, മിൽമ, ഹോർട്ടികോർപ്പ് ഉൽപ്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാണ്. ആഗസ്റ്റ് 25 വരെയാണ് ഓണം ജില്ലാ ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്.
- Log in to post comments