Skip to main content

*കുഴൂരിൽ കർഷക ദിനാഘോഷവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു*

കുഴൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, സഹകരണ ബാങ്ക്, പാടശേഖര സമിതി, വിവിധ കർഷക സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് വിപുലമായ കർഷക ദിനാഘോഷവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. കുഴൂർ ദർശന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കായിക-യുവജനക്ഷേമ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിൽവി സേവ്യർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അശ്വതി കെ. സ്വാഗതം ആശംസിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം സാജൻ കൊടിയൻ, മാള കൃഷി അസിസ്റ്റന്റ് ഡയറക്ടർ അജിത്ത് സി. ബി., കുഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എ. ജോജോ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പോൾസൺ കൊടിയൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷക സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

പരിപാടിയിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു.  സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന്, ഔഷധസസ്യങ്ങളുടെ പ്രാധാന്യം, സംരക്ഷണം, കൃഷിരീതികൾ എന്നിവയക്കുറിച്ച് ഡോ. നിഷ സെമിനാർ നടത്തി. കുടുംബശ്രീ പ്രവർത്തകരുടെയും ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (കെ.എഫ്.ആർ.ഐ.) നേതൃത്വത്തിൽ ഔഷധസസ്യ പ്രദർശനവും വിൽപന സ്റ്റാളും ഒരുക്കിയിരുന്നു. കൂടാതെ പ്രാദേശിക സംരംഭകരുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും നേതൃത്വത്തിൽ കാർഷിക ഉത്പന്നങ്ങൾ, മൂല്യവർധിത ഉത്പന്നങ്ങൾ, അലങ്കാരച്ചെടികൾ എന്നിവയുടെ പ്രദർശന-വിപണന സ്റ്റാളുകളും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിരുന്നു.

date