Skip to main content
കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി സണ്ണി ജോസഫ്

കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി സണ്ണി ജോസഫ്

 

കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാന്‍ സര്‍ക്കാര്‍  പ്രതിജ്ഞാബദ്ധമായി പ്രയത്നിക്കുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ആറളം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ജില്ലാതല കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കാര്‍ഷിക മേഖലയില്‍ പൊന്നുവിളയിക്കുന്നവരുടെ നാടാണ് കേരളം. കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രതിസന്ധികളെയും മറികടന്ന് കാര്‍ഷിക മേഖല മുന്നേറുകയാണ്. നാടിന്റെ നട്ടെല്ലാണ് കര്‍ഷകര്‍. നാണ്യവിളകളും ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പാലും മുട്ടയുമെല്ലാം ഉത്പാദിക്കപ്പെടുന്നത് അനേകം കര്‍ഷകരുടെ കഠിനാധ്വാനത്തിലൂടെയാണ്. കര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് കൃഷിവകുപ്പ്, സഹകരണവകുപ്പ്, തദ്ദേശ സ്വയംഭരണ  വകുപ്പ് തുടങ്ങിയവയെല്ലാം കൂട്ടായ പരിശ്രമം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
ഒട്ടേറെ മാതൃകാ കര്‍ഷകരും നമുക്കിടയിലുണ്ട്. ഇനിയും നമ്മുടെ കാര്‍ഷികരംഗം മുന്നേറണം. കൃഷിവകുപ്പ് ഇതിനായി നൂതന പദ്ധതികള്‍ക്ക് തുടക്കമിടുകയാണ്. കൃഷി ലക്ഷ്യം വെച്ചാണ് മലയോര മേഖലയിലേക്ക് നിരവധി കര്‍ഷകര്‍ കുടിയേറി പാര്‍ത്തത്. ഇവര്‍ക്കെല്ലാം കൃഷി ചെയ്തു കഴിയാന്‍ അനുകൂലമായ സാഹചര്യം ഉറപ്പാക്കും. ആറളം ഫാം പോലുള്ള കേന്ദ്രങ്ങള്‍ കാര്‍ഷിക മേഖലയക്ക് പുത്തനുണര്‍വ്വ് നല്‍കുന്നു. കാര്‍ഷിക രംഗത്തെ സക്രിയമാക്കുന്ന കര്‍ഷകരെല്ലാം കര്‍ഷക ദിനത്തില്‍ ആദരിക്കപ്പെടുകയാണ്. കുട്ടികര്‍ഷകര്‍, വനിതാ കര്‍ഷകര്‍ എന്നിങ്ങനെ ഓരോ വിഭാഗത്തിലുള്ളവരും ഈ നാടിന്റെ നന്മകളെ അടയാളപ്പെടുത്തുന്നതായും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ജയ് കിസാന്‍ അഭിവാദ്യത്തോടെയാണ് മന്ത്രി സണ്ണി ജോസഫ് കര്‍ഷകരെ വരവേറ്റത്.

ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ അദ്ധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സീമ സഹദേവന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ടി.സന്ധ്യ, ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, പഞ്ചായത്തംഗങ്ങളായ റൈഹാനത്ത് സുബി, രജിത മാവില, ജോര്‍ജ്ജ് ആലംപള്ളി,  കെ.വേലായുധന്‍, ടി.പി.മാര്‍ഗരറ്റ്,  ആശ കാപ്പുങ്കല്‍, കെ.ഷഹീര്‍, ആറളം കൃഷി ഓഫീസര്‍ ടി.ആര്‍.രാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൃഷിയിലെ നവീന രീതികളും സാങ്കേതിക വിദ്യകളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കര്‍ഷകോത്തമ മുന്‍ അവാര്‍ഡ് ജേതാവ് പി.വി.അനീഷ് ക്ലാസ്സെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.ടി.രാമചന്ദ്രന്‍, കൃഷി അസിസ്റ്റന്റ് എസ്.ആര്‍.സൂരജ് എന്നിവര്‍ സംസാരിച്ചു.

കാര്‍ഷിക-പരമ്പരാഗത വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് കണ്ണൂരില്‍ തുടക്കം

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ''എന്റെ സംരംഭം, നാടിന്റെ അഭിമാനം'' എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന കാര്‍ഷിക-പരമ്പരാഗത വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയ്  പോലീസ് മൈതാനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശബ്‌ന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ രജനി മോഹന്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബേബി എണ്ണച്ചേരില്‍, പൊതു മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ പ്രദീപന്‍, ജില്ലാ  പഞ്ചായത്തംഗങ്ങളായ എ വി ലേജു, ജയശ്രീ ടീച്ചര്‍, എം വി ഷിമ, ഒ സി ബിന്ദു, പ്രസീത , സിജ രാജീവ്,  ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഇന്‍ചാര്‍ജ് കെ.പി. ഗിരീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ടി പ്രസാദ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, സംരംഭകര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

date