തുഴത്താളം’ തുടങ്ങി; വള്ളംകളിക്ക് മുന്നേ വള്ളംകളി കാണാൻ ആർട്ട് ഗ്യാലറിയിലേക്ക് വരൂ.. ഫോട്ടോ പ്രദർശനം നഗരസഭാ അധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു
നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശനിമിഷങ്ങളും കുട്ടനാടിന്റെ പ്രകൃതിസൌന്ദര്യവും പകർത്തിയ 80 ലധികം മനോഹര ചിത്രങ്ങളുമായി ‘തുഴത്താളം 2026’ ഫോട്ടോപ്രദർശനം ആരംഭിച്ചു. 72-ാമത് നെഹ്റുട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എൻടിബിആർ പബ്ലിസിറ്റി കമ്മിറ്റി, മോഹനൻ പരമേശ്വരൻ ഫൗണ്ടേഷൻ എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ജില്ലാ കോടതിപ്പാലത്തിന് സമീപമുള്ള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നഗരസഭാ അധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയിലെ 12 ഓളം മാധ്യമ ഫോട്ടോഗ്രാഫർമാർ പലകാലങ്ങളിൽ പകർത്തിയ വള്ളംകളിയുമായി ബന്ധപ്പെട്ട മനോഹരമായ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. നെഹ്റുട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ അനർഘ നിമിഷങ്ങളും മുൻകാലങ്ങളിൽ വള്ളംകളിക്കെത്തിയ പ്രശസ്ത വ്യക്തികളുടെ ആവേശവും കുട്ടനാടൻ ഗ്രാമജീവിതത്തുടിപ്പും ചിത്രങ്ങളിൽ കാണാം. വള്ളംകളിയുടെ ആവശവുമായി നഗരത്തിലെത്തുന്ന സഞ്ചാരികൾക്ക് പ്രദർശനം മികച്ച കാഴ്ച്ചാനുഭവം പകരും. പ്രദർശനം ആഗസ്റ്റ് 22 വരെ തുടരും.
ഉദ്ഘാടനച്ചടങ്ങിൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എഎം നൗഫൽ, സി ജ്യോതിമോൾ, നഗരസഭാംഗം ബെന്നി ജോസഫ്, പ്രസ് ക്ലബ് അംഗങ്ങളും ഫോട്ടോഗ്രാഫർമാരുമായ സി ബിജു, നിഖിൽ രാജ്, സജിത്ത് ബാബു, പി ആർ സുരേഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗം സുഭാഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments