Skip to main content

ഓണം കളറാകും: കാണികൾക്ക് സർപ്രൈസ് വിരുന്നുമായി കനകക്കുന്ന്

ഓണം കാണാൻ കനകക്കുന്നിലെത്തുന്നവരെ ഇക്കുറി കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ.  കളിയും ചിരിയും കൗതുക കാഴ്ചകളുമായി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് ഇത്തവണത്തെ ക്രമീകരണങ്ങൾ. വൈവിധ്യമാർന്ന നാല് പ്രധാന സോണുകളിലായി അതിശയിപ്പിക്കുന്ന നിരവധി കാഴ്ചകളും അനുഭവങ്ങളും ഇനിയുള്ള ഒരാഴ്ചക്കാലം കനകക്കുന്ന് കാണികൾക്ക് പകർന്നു നൽകും.

കനകക്കുന്നിന്റെ പ്രധാന കവാടം കടന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ  ആദ്യം കാണുന്നത്  കൗതുകമുണർത്തുന്ന ഫ്യൂച്ചർ സോൺ ആണ്. സ്റ്റാർട്ടപ്പ് കമ്പനികളുടെ എ.ഐ,  റോബോട്ടിക്സ് സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകളാണ് ഈ മേഖലയിലുള്ളത്. ഭാവിയിലെ ലോകത്തെയും നൂതന ടെക്നോളജികളെയും തൊട്ടറിയാൻ സഹായിക്കുന്ന വിനോദ പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

തുടർന്ന്  ആർട് ആൻഡ് കൾച്ചർ സോൺ ആരംഭിക്കുന്നു. ഇതിൽ പ്രധാന ആകർഷണം വാൽകണ്ണാടി ടണലാണ്. പുറത്തുനിന്ന് നോക്കുമ്പോൾ വാൽ കണ്ണാടിയുടെ രൂപത്തിലുള്ള ഈ ടണലിനുള്ളിൽ കണ്ണാടികളും അതിൽ പ്രതിഫലിക്കുന്ന മനോഹരമായ പൂക്കളും സ്കാലപ്പുകളും അടങ്ങിയിരിക്കുന്നു. സന്ദർശകർക്ക് കയറി ഇറങ്ങാനും ഫോട്ടോകൾ പകർത്താനും അനുയോജ്യമായ രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിനോട് ചേർന്ന് മ്യൂറൽ പെയിന്റിംഗ് ശില്പശാലയും തയാറാക്കിയിട്ടുണ്ട്. ഇവിടെ ഒരുക്കിയിരിക്കുന്ന വലിയ ക്യാൻവാസിൽ വരുന്ന ആൾക്കാർക്ക് കളർ പാറ്റേണുകൾ ഉപയോഗിച്ച് പെയിന്റ് ചെയ്യാം. ആഘോഷങ്ങൾ അവസാനിക്കുമ്പോഴേക്കും വലിയൊരു ആർട്ട് പീസായി ഇത് മാറും. 

 ഇതിനടുത്തായി "ഇനിയെന്നും  പൂക്കാലം" എന്ന സന്ദേശത്തിലൂന്നി നിർമ്മിച്ച, ഭീമാകാരമായ ഒരു കുടത്തിന്റെ  സ്ട്രക്ചറും സ്ഥാപിച്ചിട്ടുണ്ട്. അതും ആസ്വദിച്ചു അല്പം കൂടി മുന്നോട്ട് പോകുമ്പോൾ പഴയകാല പടിപ്പുരയും പാരമ്പര്യ രീതിയിലുള്ള വീടിന്റെ പൂമുഖവും കാണാം.

പുതുതലമുറയ്ക്ക് അത്ര പരിചയമില്ലാത്ത പഴയകാല രീതിയിലുള്ള മൺപാത്ര നിർമ്മാണം, ഓല മെടയലും അതിലൂടെയുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണം എന്നിവയുടെ തത്സമയ പ്രദർശനവുമുണ്ട്. ചെണ്ട പ്രേമികൾക്ക് മാത്രമല്ല, ചെണ്ട കൊട്ടാൻ ആഗ്രഹിക്കുന്ന ആൾക്കാർക്കും കൊട്ടിപ്പഠിക്കാനും അനുഭവിച്ചറിയാനും സഹായിക്കുന്ന ചെണ്ട വർക്ക്‌ഷോപ്പാണ് മറ്റൊരു പ്രധാന ആകർഷണം. ഫേസ് പെയ്ന്റിംഗും ഇത്തവണത്തെ പുതുമയാണ്. 

വിനോദത്തിനായി ഒരുക്കിയിരിക്കുന്ന മെയ്‌സ്  ഗെയിം ആണ് മറ്റൊരു ആകർഷണം. ഒരു സമയം എട്ട് പേരടങ്ങുന്ന ഗ്രൂപ്പുകളായി ആൾക്കാരെ കയറ്റിവിടും. ആദ്യം വഴി കണ്ടെത്തി പുറത്തുവരുന്നവർക്ക് വിജയി ആകാം. കൂടാതെ കുടുംബങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിവിധ ഗെയിമുകളുമുണ്ട്.

കലാരംഗത്തെ വേറിട്ട അനുഭവമായി തോൽപാവക്കൂത്തിന്റെ തൽസമയ പ്രകടനവും വർക്ക്‌ഷോപ്പും, കഥകളി ചമയം എങ്ങനെ ഒരുക്കുന്നുവെന്ന് പൊതുജനങ്ങൾക്ക് കാണാനായി ലൈവ് ഡെമോൺസ്‌ട്രേഷനും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ, സിനിമകളുടെയും മികച്ച ഡോക്യുമെന്ററികളുടെയും പ്രദർശനവുമുണ്ടായിരിക്കും.

 ഫുഡ് സോണിൽ  ഭക്ഷണ പ്രേമികൾക്കായി വിവിധ രുചികൾ തീർക്കുന്ന പതിനഞ്ചോളം സ്റ്റോളുകൾ ഒരുക്കിയിട്ടുണ്ട്. ബിസിനസ് സോണിൽ ട്രേഡ് ഫെയറും എക്‌സിബിഷനും  സജ്ജമാണ്.

date