Skip to main content

മാവേലി കഥ പറഞ്ഞ് തോൽപ്പാവക്കൂത്ത്

ഓണം വാരാഘോഷത്തിൽ പരമ്പരാഗത അനുഷ്ഠാന, നാടൻ കലാരൂപങ്ങളാൽ സമ്പന്നമായി വിവിധ വേദികൾ. നിശാഗന്ധി വേദിയിൽ പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിച്ച 'മഹാബലി ചരിതം' തോൽപ്പാവക്കൂത്ത് കാണികളിൽ ഓണത്തിന്റെ ഐതിഹ്യസ്മരണകൾ ഉണർത്തി.

രാമചന്ദ്ര പുലവർക്കൊപ്പം മകൻ രാജീവ് പുലവർ, ഭാര്യ അശ്വതി, മക്കളായ ഇഷാൻ കൃഷ്ണൻ, ഇവാൻ കൃഷ്ണൻ എന്നിവരും തോൽപ്പാവക്കൂത്തിന്റെ അണിയറയിൽ പങ്കാളികളായി. ചടങ്ങിനിടെ ടൂറിസം ഡയറക്ടർ എം. അഞ്ജന, പത്മശ്രീ രാമചന്ദ്ര പുലവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

തമിഴ്ഭാഷയിലെ വിഘ്‌നേശ്വര സ്തുതിയോടെ ആരംഭിച്ച അവതരണത്തിൽ മഹാബലിയുടെ ഭരണകാലം മുതൽ വാമനാവതാരവും പാതാളയാത്രയും വരെയുള്ള കഥാസന്ദർഭങ്ങൾ 80ഓളം പാവരൂപങ്ങളിലൂടെ മനോഹരമായി ആവിഷ്കരിച്ചു. തിരശ്ശീലയ്ക്കു പിന്നിൽ എണ്ണവിളക്കുകളുടെ വെളിച്ചത്തിൽ ആധുനിക സാങ്കേതികവിദ്യകളെപ്പോലും തോൽപ്പിക്കുന്ന വിധത്തിലൊരുക്കിയ നിഴലാട്ടം കാണികൾക്ക് മികച്ച ദൃശ്യാനുഭവമാണ് പകർന്നു നൽകിയത്.

ഇതിനുപുറമെ, മറ്റ് പ്രധാന വേദികളിലും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. തിരുവരങ്ങ് വേദിയിൽ കാസർകോട് നെല്ലിക്കാതുരുത്തി കഴകം അവതരിപ്പിച്ച പൂരക്കളിയും, ആലപ്പുഴ നാടൻ കലാക്ഷേത്രത്തിന്റെ ഓതറ പടയണിയിലെ ഭൈരവി പക്ഷിക്കോലങ്ങളും ശ്രദ്ധനേടി. സോപാനം വേദിയിൽ ഇടുക്കി വണ്ണപ്പുറത്തു നിന്നുള്ള കലാസംഘത്തിന്റെ 'ഊരാളിക്കൂത്ത്', പണയിൽ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള 'വേലകളി', തോന്നയ്ക്കൽ ഷാജി ശ്രീരംഗവും സംഘവും സാൻ്റ് ജോൺസ് കലാവേദിയും അവതരിപ്പിച്ച വിൽപ്പാട്ടുകൾ എന്നിവയും അരങ്ങേറി. അകത്തളം വേദിയിൽ വിദ്യാധിരാജ സമിതിയുടെ അക്ഷരശ്ലോക സദസ്സും നടന്നു.

date