Skip to main content

ആചാരാനുഷ്ഠാന പെരുമയിൽ കനകക്കുന്ന്: തിരിയുഴിച്ചിലും മംഗലംകളിയും കാണികൾക്ക് വേറിട്ട അനുഭവമായി

കനകക്കുന്നിലെ വിവിധ വേദികളിൽ പാരമ്പര്യ പൈതൃകം വിളിച്ചോതുന്ന അപൂർവ്വ കലാരൂപങ്ങളാണ് അവിട്ടം ദിനത്തിൽ അരങ്ങേറിയത്.

നിശാഗന്ധി വേദിയിൽ  ഭദ്രകാളിയും ദാരികനും തമ്മിലുള്ള യുദ്ധവും ദാരികവധവും പ്രമേയമാകുന്ന 'ദാരികവധം' മുടിയേറ്റ് അരങ്ങേറി. 42 വർഷമായി ഈ രംഗത്ത് സജീവമായ പെരുമ്പാവൂർ കീഴില്ലം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നാല് പ്രധാന കഥാപാത്രങ്ങളാണ് വേദിയിലെത്തിയത്. സംഗീതം, വാദ്യം, വേഷവിധാനം, മുഖത്തെഴുത്ത് എന്നിവയുടെ അപൂർവ്വ സമന്വയത്തിലൂടെ കാണികളെ ഉദ്വേഗഭരിതരാക്കിയ അവതരണം ഒടുവിൽ ഭക്തിനിർഭരമായ കാളീരൂപത്തിലേക്ക് മാറിയാണ് അവസാനിച്ചത്.

'തിരുവരങ്ങ്' വേദിയിൽ  ആപത്തുകളും നെഗറ്റീവ് ഊർജ്ജങ്ങളും അകറ്റാൻ നടത്തുന്ന അനുഷ്ഠാന ക്രിയയായ 'തിരിയുഴിച്ചിൽ' അരങ്ങേറി. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനുമായ സുധീർ മുള്ളൂർക്കരയും കുടുംബവും ചേർന്നാണ് സർപ്പകളത്തിൽ നടത്തുന്ന ഈ പൂജാക്രമം വേദിയിലെത്തിച്ചത്.

തുടർന്ന് വിശ്വകലാകേന്ദ്രം ബാലകൃഷ്ണൻ അവതരിപ്പിച്ച ഓട്ടൻതുള്ളലും, കൊല്ലം ചൈതന്യ കലാസംസ്‌കാരിക സമിതിയുടെ എട്ടംഗ സംഘം അവതരിപ്പിച്ച കമ്പടിയും തിരുവരങ്ങിന് വർണ്ണപ്പൊലിമയേകി.

സോപാനം വേദിയിൽ  മാവിലൻ, മലവേടുവ വിഭാഗത്തിന്റെ തനത് ഗോത്രനൃത്തമായ 'മംഗലംകളി' നടന്നു. കാസർഗോഡ് സനത് നാട്ടറിവ് പഠന കേന്ദ്രത്തിലെ എൻ. ഷിജിത്തിന്റെ നേതൃത്വത്തിലുള്ള 12 അംഗസംഘമാണ് തനത് വേഷവിധാനത്തോടെ ഇത് അവതരിപ്പിച്ചത്. തുടർന്ന്  നടന്ന ദഫ്മുട്ടും ആഘോഷങ്ങൾക്ക് കൂടുതൽ തെളിച്ചമേകി.

date