കനകക്കുന്നിൽ ഇന്ന് (ആഗസ്റ്റ് 29) ബലിക്കള, പരുന്താട്ടം, സീതകളി
കോഴിക്കോട് ജില്ലയിലെ തറവാടുകളിലും ക്ഷേത്രങ്ങളിലും മുൻപ് നടത്തിവരുന്ന അനുഷ്ഠാന പാരമ്പര്യ കലാരൂപമായ ബലിക്കള ഇന്ന് (ആഗസ്റ്റ് 29) വൈകിട്ട് 6 ന് തിരുവരങ്ങ് വേദിയിൽ അരങ്ങേറും.
പഞ്ചവർണ്ണ പൊടി കൊണ്ട് കളം വരച്ച് ഹോമം കഴിച്ച് അഞ്ച് മൂർത്തികളെ ആരാധിക്കുന്ന ഈ സമ്പ്രദായം ഗർഭിണിയുടെ സുഖപ്രസവത്തിനും ബാധയൊഴിപ്പിക്കൽ ആചാരമായുമാണ് നടത്താറുള്ളത്. കോഴിക്കോട് നിന്നുള്ള പി.എം അഖിലേഷിൻ്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ബലിക്കള അവതരിപ്പിക്കുന്നത്.
തുടർന്ന് രാത്രി 7 ന് ഇശൽ എഫ്.എം ആലപ്പുഴയുടെ നേതൃത്വത്തിൽ മാപ്പിളപ്പാട്ടിൻ്റെ താളത്തിൽ ഒപ്പന അരങ്ങേറും. കോൽക്കളി, ദഫ്മുട്ട് ആശാനായ ഷംസുദ്ദീൻ, ഒപ്പന വിഭാഗം ആശാൻ പുരുഷോത്തമൻ, പരിശീലക രാജി എന്നിവരുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘമാണ് ഒപ്പന അവതരിപ്പിക്കുന്നത്.
തുടർന്ന് 7.30 ന് 'വരവ് കാക്കാൻ' കാക്കാരിശ്ശി നാടകം തിരുവരങ്ങിൽ അരങ്ങേറും. തിരുവനന്തപുരം ചുള്ളിമാനൂർ ആട്ടുകാൽ നിന്നുള്ള ഗുരുകൃപ ഫോക്ക് ആർട്സ് സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്. ശിവനും പാർവ്വതിയും ഗംഗയും വേഷം മാറി കാക്കാനും കാക്കാത്തിമാരുമായി രംഗപ്രവേശം ചെയ്യുന്ന സന്ദർഭവും, തമ്പുരാനും കാക്കാനും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളുമാണ് ഈ ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹാർമോണിയം, മൃദംഗം, ഗഞ്ചിറ എന്നിവയുടെ താളത്തിനൊപ്പം സമകാലിക സംഭവങ്ങളെ കോർത്തിണക്കി നർമ്മഭാവത്തിലാണ് ഈ നാടകം അവതരിപ്പിക്കുന്നത്. നിശാഗന്ധിയിൽ വൈകിട്ട് 5.30 ന് സംസ്കാര സാഹിതി ഹാർമണി ഓഫ് കേരള അവതരിപ്പിക്കുന്ന ഫോക്ക് ഫ്യൂഷനും രാത്രി ഏഴ് മുതൽ മ്യൂസിക്കൽ ഷോയും അരങ്ങേറും.
സോപാനം വേദിയിൽ ഇന്ന് (ആഗസ്റ്റ് 29) വൈകിട്ട് ആറിന് പൊലിവ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ പരുന്താട്ടം അരങ്ങേറും. കേരളത്തിലെ ക്ഷേത്രോത്സവങ്ങളോടും അനുഷ്ഠാനങ്ങളോടും അനുബന്ധിച്ച് നടത്തുന്ന ഒരു കലാരൂപമാണ് പരുന്താട്ടം. പരുന്തിന്റെ രൂപത്തിലുള്ള വേഷവും ചിറകുകളും ധരിച്ച് കലാകാരന്മാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പരുന്തിന്റെ ചലനങ്ങളും പറക്കലും വേട്ടയാടൽ സ്വഭാവവും അനുകരിക്കുന്ന ആചാരപരമായ നൃത്താവിഷ്കാരമാണ്. അനുഷ്ഠാനപരമായ പ്രാധാന്യത്തിനൊപ്പം ദൃശ്യഭംഗിയും നൽകുന്ന ഈ കലാരൂപം ഓണാഘോഷ വേദിയിൽ അവതരിപ്പിക്കുന്നത് പന്തളം കൃഷ്ണകൃപയിൽ കുട്ടികൃഷ്ണനും സംഘവുമാണ്.
തുടർന്ന് രാത്രി 7 ന് കൈരളിയുടെ വിൽപ്പാട്ട് അരങ്ങേറും. കൈരളി കലാവേദിയിലെ പുളിങ്കുടി സത്യകുമാറും പത്തംഗ സംഘവുമാണ് ഇത്തവണ വേദിയിലെത്തുന്നത്. ഒരു വലിയ വില്ലിൽ ഘടിപ്പിച്ചിരിക്കുന്ന മണികളിലും നാദത്തിലും മരത്തടികൾ കൊണ്ട് താളമിട്ട് രാമായണ,പമഹാഭാരത കഥകളും പ്രാദേശിക വീരഗാഥകളും അവതരിപ്പിക്കുന്നു. വില്ലിന് പുറമേ ഘടം, തളം, കട്ട തുടങ്ങിയ വാദ്യോപകരണങ്ങളും അകമ്പടിയായി ഉപയോഗിക്കുന്നു.
തുടർന്ന് രാത്രി 8 ന് കൊല്ലം സീതകളി അക്കാദമിയിലെ സി.ആർ ജയകുമാറിൻ്റെ നേതൃത്വത്തിൽ സ്ത്രീയ്ക്ക് പ്രാധാന്യമുള്ള സീതകളി അവതരിപ്പിക്കും. ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെയുള്ള നാളുകളിലാണ് സീതകളി പ്രധാനമായും അരങ്ങേറിയിരുന്നത്. രാമായണത്തിലെ വനയാത്ര മുതൽ ലങ്കാദഹനം വരെയുള്ള ഭാഗവും സീതാ ദുഃഖത്തിലെ സീതയുടെ അന്തർധാനവും ചേർത്താണ് സീത കളി അവതരിപ്പിക്കുന്നത്. മറ്റു കലാരൂപങ്ങളിൽ നിന്ന് വിഭിന്നമായി സ്ത്രീയ്ക്ക് പ്രാധാന്യമുള്ള കലാരൂപമാണിത്. സീതയായി സിനി സോമനാഥ് വേഷമിടുന്ന സീതകളിയിൽ 17 കലാകാരൻമാരാണുള്ളത്.
സൂര്യകാന്തി വേദിയിൽ 29 ന് രാത്രി 7 ന് അലോഷ്യസ് പെരേര & രാധിക ടീമിൻ്റെ ഗാനമേള നടക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 6.30 ന് ഓണം ആർപ്പോ മീഡിയ ഷോ അവതരിപ്പിക്കപ്പെടും. പൂജപ്പുര മൈതാനത്ത് വൈകിട്ട് 7 ന് ദേവസഭാതലം, കൈതപ്രം ദാമോദന നമ്പൂതിരി മ്യൂസിക് നൈറ്റ് അരങ്ങേറും.
- Log in to post comments