സമാപനം കളറാക്കാൻ നിശാഗന്ധിയിൽ ഇന്ന് (ആഗസ്റ്റ് 30) പൂതനും തിറയും ഓണമാമാങ്കവും
ഓണം ടൂറിസം വാരാഘോഷത്തിൻ്റെ സമാപന ദിനത്തിൽ നിശാഗന്ധി വേദിയിൽ പാലക്കാട് വാണിയംകുളം രാമ സ്മാരക തിറ പൂതൻകളി സംഘത്തിലെ കെ. എം ഉണ്ണികൃഷ്ണനും കൂട്ടരും അവതരിപ്പിക്കുന്ന പൂതനും തിറയും, ഹരീഷ് ശിവരാമകൃഷ്ണൻ്റെ നേതൃത്വത്തിൽ അഗം ബാൻ്റ് അവതരിപ്പിക്കുന്ന ഓണ മാമാങ്കവും വർണ്ണപ്പകിട്ടേകും.
നിശാഗന്ധി വേദിയിൽ ഇന്ന് (ആഗസ്റ്റ് 30) വൈകിട്ട് 6 ന് പൂതനും തിറയും അരങ്ങേറും. ദാരികാസുര നിഗ്രഹത്തിന് തയ്യാറെടുത്ത ഭദ്രകാളിക്ക് അകമ്പടിക്കായി ശ്രീ പരമേശ്വരൻ തൻ്റെ ദേഹത്തിൽ നിന്നും അയച്ചുകൊടുത്ത ഭൂതഗണങ്ങളാണ് തിറയും പൂതനുമെന്ന ഐതിഹ്യത്തിൽ നിന്നാണ് ഈ പേരു വന്നതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ഉണ്ണികൃഷ്ണൻ്റെ മക്കളായ ഉദയകുമാറും ദേവദാസും ഉൾപ്പെടെ 9 അംഗ സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്. രണ്ട് പൂതവേഷം, മൂന്ന് തിറ വേഷവും രംഗത്ത് ഉണ്ടായിരിക്കും. തുടർന്ന് രാത്രി ഏഴിന് ഹരീഷ് ശിവരാമകൃഷ്ണൻ്റെ നേതൃത്വത്തിൽ അഗം ബാൻ്റ് ഓണമാമാങ്കം അവതരിപ്പിക്കും.
കനകക്കുന്ന് സൂര്യകാന്തി വേദിയിൽ രാത്രി ഏഴിന് ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ അരങ്ങേറും. സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് 6.30 ന് ഓണം എക്സ്ട്രീം മ്യൂസിക് ഷോ അവതരിപ്പിക്കും. ഗായത്രി അശോകൻ, ബൽറാം, സംഗീത് തുടങ്ങിയവർ ഷോ നയിക്കും.
പൂജപ്പുര മൈതാനിയിൽ രാത്രി ഏഴിന് പാട്ടിൻ്റെ പൊന്നോണം മെഗാ മ്യൂസിക് നൈറ്റുമായി പ്രശസ്ത ഗായകൻ ഉണ്ണി മേനോനും അപർണ്ണ അശോകും എത്തും. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ രാത്രി 7 ന് സമം ആർട്സിൻ്റെ നീലക്കുയിൽ നാടകം അവതരിപ്പിക്കപ്പെടും.
- Log in to post comments