Skip to main content

തൃശൂർ ഓണാഘോഷം: സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

2026-ലെ തൃശൂർ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിലും സ്വരാജ് റൗണ്ടിലും പൊതുജനസുരക്ഷയും ട്രാഫിക് നിയന്ത്രണങ്ങളും ആരോഗ്യ-അഗ്നിസുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം നൽകി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിറക്കി. 2005-ലെ ദുരന്തനിവാരണ നിയമം സെക്ഷൻ 30, 34 പ്രകാരമാണ് ഉത്തരവ്.

തേക്കിൻകാട് മൈതാനിയിലും സ്വരാജ് റൗണ്ടിലും നടക്കുന്ന പുലിക്കളി ഉൾപ്പെടെയുള്ള പരിപാടികൾ അപകടരഹിതമായി നടത്തുന്നതിനാണ് വിവിധ വകുപ്പുകൾക്ക് കൃത്യമായ ചുമതലകൾ നൽകിയിരിക്കുന്നത്. സ്വരാജ് റൗണ്ടിലും പരിസരങ്ങളിലും അപകടങ്ങളും അനാവശ്യ തിരക്കും ഒഴിവാക്കാൻ തൃശൂർ സിറ്റി പോലീസ് കർശന ക്രമസമാധാന പാലനവും നിരീക്ഷണവും ഉറപ്പാക്കുകയും വാഹനങ്ങൾക്ക് കൃത്യമായ ട്രാഫിക് വഴിതിരിച്ചുവിടലുകൾ ഏർപ്പെടുത്തുകയും ചെയ്യും. അനധികൃത പാർക്കിംഗ്, അമിതവേഗത, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ലൈൻ ട്രാഫിക് ലംഘനങ്ങൾ എന്നിവ തടയാൻ പ്രധാന റോഡുകളിൽ പട്രോളിംഗ് ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആഘോഷ സ്ഥലങ്ങളിലെയും സ്വരാജ് റൗണ്ടിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുക, കുടിവെള്ള ലഭ്യത, തെരുവ് വിളക്കുകളുടെ തടസ്സമില്ലാത്ത പ്രവർത്തനം, താത്കാലിക ശൗചാലയങ്ങൾ എന്നിവ സജ്ജമാക്കുക എന്നീ ചുമതലകൾ തൃശൂർ കോർപ്പറേഷനാണ്. കൂടാതെ, കാഴ്ചക്കാർ അപകടകരമായ കെട്ടിടങ്ങളിൽ കയറുന്നത് തടയാൻ മുന്നറിയിപ്പുകളും ബാരിക്കേഡുകളും സ്ഥാപിക്കുകയും ദീപാലങ്കാരങ്ങളുടെയും സ്റ്റേജ് വയറിംഗുകളുടെയും സുരക്ഷ ഉറപ്പാക്കി എമർജൻസി റിപ്പയർ ടീമിനെ സജ്ജമാക്കുകയും ചെയ്യും. അപകടകരമായ മരച്ചില്ലകൾ സുരക്ഷിതമായി മുറിച്ചുമാറ്റാനും കോർപ്പറേഷൻ നടപടിയെടുക്കും.

അഗ്നിസുരക്ഷ ഉറപ്പാക്കാനും അടിയന്തര നിർഗ്ഗമന പാതകൾ (എമർജൻസി എക്സിറ്റ്) സജ്ജമാണെന്ന് ബോധ്യപ്പെടാനും ഫയർ & റെസ്ക്യൂ സർവീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആരോഗ്യ സാഹചര്യങ്ങൾ നേരിടാൻ ആംബുലൻസ് സജ്ജീകരണങ്ങൾ ഒരുക്കാൻ ഡി.എം.ഓയോടും, താത്കാലിക സ്റ്റേജുകളുടെയും പന്തലുകളുടെയും ഘടനാപരമായ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്താൻ പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗത്തിനും നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങളുടെ ഏകോപനം തൃശ്ശൂർ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഉറപ്പാക്കേണ്ടതാണെന്നും ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

date