Skip to main content

ഡിടിപിസി ജില്ലാതല ഓണാഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കമായി; മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം നിർവ്വഹിച്ചു

 

 

സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ തൃശൂർ കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൃശൂർ ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജനങ്ങൾക്ക് സമ്പത്തും ആരോഗ്യവും ഞാഴിലും പോലെ തന്നെ പ്രധാനമാണ് സന്തോഷവുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് സന്തോഷം ഉണ്ടാകണമെങ്കിൽ പൊതുവായ ഇടങ്ങളും പൊതുവായ പരിപാടികളും കൂട്ടായ്മയും കൂട്ടായ്മയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ഊഷ്‌മളമായ ബന്ധങ്ങളും വേണമെന്നും മന്ത്രി പറഞ്ഞു. പഴയ കാലത്ത് നിന്നും വ്യത്യസ്തമായി ജനങ്ങൾക്ക് ഇന്ന് ഒത്തുകൂടാനുള്ള സാഹചര്യവും സൗകര്യങ്ങളുമെല്ലാം വളരെയധികം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും സമയമില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും എല്ലാവരും വലിയ സമ്മർദ്ദത്തിലാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതെന്നും, ഇതിൽ നിന്നെല്ലാം മാറ്റം ഉണ്ടാകണമെങ്കിൽ നമുക്ക് പൊതുവായ ഇടങ്ങളും വിനോദ പരിപാടികളും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. 

 

തേക്കിൻകാട് മൈതാനിയിൽ നടന്ന ചടങ്ങിൽ രാജൻ. ജെ. പല്ലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ. രാജൻ, എൻ.കെ അക്ബർ, തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതവും ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.സി മനോജ് നന്ദിയും പറഞ്ഞു. 

 

തേക്കിൻകാട് മൈതാനിയിൽ (നായ്ക്കനാലിന് സമീപം) പഞ്ചവാദ്യത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ഉദ്ഘാടന ചടങ്ങിനു ശേഷം അപൂർവ്വ ബാന്റ് സരിഗമപ സീസൺ-2 വിജയികൾ ഒരുക്കിയ മെഗാഷോയും അരങ്ങേറി.

 

ഓഗസ്റ്റ് 29 വരെ തേക്കിൻകാട് മൈതാനിയിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി വിവിധ പരിപാടികളും അരങ്ങേറും. ഓഗസ്റ്റ് 26-ന് വൈകീട്ട് വിശ്വപ്രസാദ് അവതരിപ്പിക്കുന്ന വയലിൻ നാദവിസ്മയവും തുടർന്ന് കൊച്ചിൻ ഗിന്നസിന്റെ മെഗാഷോയും നടക്കും. ഓഗസ്റ്റ് 27-ന് ദേവവാണി, ചേതന സംഗീത നാട്യ അക്കാദമി, അഞ്ജു ജോസഫ്, ടീം ഒഡീസി എന്നിവരുടെ സംഗീതവിരുന്നും, ഓഗസ്റ്റ് 28-ന് കേരള കലാലയത്തിന്റെ നൃത്ത നൃത്യങ്ങളും കലാസദൻ അവതരിപ്പിക്കുന്ന സംഗീതനിശയും അരങ്ങേറും.

 

സമാപന ദിവസമായ ഓഗസ്റ്റ് 29-ന് വൈകീട്ട് നാലിന് തൃശ്ശൂർ നഗരത്തിൽ പുലികളിറങ്ങും. വൈകീട്ട് 5.30-ന് നടക്കുന്ന സമാപന സമ്മേളനത്തിന് ശേഷം 'പാട്ടുകമ്പനി' അവതരിപ്പിക്കുന്ന സംഗീതനിശയും മികച്ച പുലിക്കളി ടീമുകൾക്കുള്ള സമ്മാനദാനവും നടക്കും.

 

പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്തിന് പുറമെ പീച്ചി, ചാവക്കാട് ബീച്ച്, വാഴാനി, തുമ്പൂർമുഴി, സ്നേഹതീരം ബീച്ച് തുടങ്ങിയ അഞ്ച് ടൂറിസം കേന്ദ്രങ്ങളിലും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കലാ-സാംസ്കാരിക ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 

 

ഓഗസ്റ്റ് 27, 28 തീയതികളിൽ നടക്കുന്ന ചാവക്കാട് ബീച്ച് ഓണാഘോഷത്തിൽ (തീരപെരുമ) ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികൾ, കൊച്ചിൻ ഗിന്നസ് മെഗാഷോ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 25, 27, 28, 29 തീയതികളിൽ വാഴാനിയിൽ ദീപാലങ്കാരം, സ്വിച്ച് ഓൺ കർമ്മം, ഗാനമേള, നൃത്ത നൃത്യങ്ങൾ, വീരനാട്യം മത്സരം, നാടൻ പാട്ട് എന്നിവ നടക്കും. പീച്ചിയിൽ ഓഗസ്റ്റ് 22 മുതൽ 24 വരെ ദീപാലങ്കാരം, ഘോഷയാത്ര, കലാസന്ധ്യ, പൊതുസമ്മേളനം, ഗാനമേള എന്നിവയും സ്നേഹതീരത്ത് ഓഗസ്റ്റ് 29, 30 തീയതികളിൽ പൂക്കള മത്സരം, കലാപരിപാടികൾ, ഗാനമേള എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. തുമ്പൂർമുഴിയിൽ ഓഗസ്റ്റ് 26, 27, 28 തീയതികളിൽ കരോക്കെ ഗാനമേള, മാജിക് ഷോ, നാടൻപാട്ട്, കൈകൊട്ടിക്കളി എന്നിവയും കുന്നംകുളത്ത് ഓഗസ്റ്റ് 27-ന് ഓണത്തല്ലും അരങ്ങേറും.

 

ഓണാഘോഷങ്ങളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ജലോത്സവങ്ങളും വള്ളംകളികളും സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 26-ന് തൃപ്രയാർ ജലോത്സവം, 27-ന് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി കണ്ടശ്ശാംകടവ് ജലോത്സവം, 30-ന് കറുകമാട്, മുല്ലശ്ശേരി ജലോത്സവം എന്നിവ നടക്കും. സെപ്റ്റംബർ ഒന്നിന് പഴുവിൽ ജനനി ജലോത്സവം, രണ്ടിന് ഹെർബർട്ട് കനാൽ ജലോത്സവം, ആറിന് മതിലകം പൈതൃകം ജലോത്സവം എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

date