ഒല്ലൂർ സമൃദ്ധി ഓണാഘോഷം: മന്ത്രി ഒ ജെ ജനീഷ് വടംവലി മത്സരം ഉദ്ഘാടനം ചെയ്തു
ഒല്ലൂർ സമൃദ്ധി ഒല്ലൂർ നിയോജകമണ്ഡലം ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച മണ്ഡലതല വടംവലി മത്സരം പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സന്തോഷത്തോടും ആരോഗ്യത്തോടും കൂടി ഒത്തുചേരാനുള്ള പൊതുയിടങ്ങൾ ഒരുക്കുക എന്നതാണ് ഇത്തരത്തിലുള്ള ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിൽ ശാരീരിക അധ്വാനവും ചലനങ്ങളും കുറഞ്ഞു വരികയാണെന്നും, മൊബൈൽ ഫോണുകൾക്ക് മുൻപിൽ സമയം ചെലവഴിക്കുന്നതിന് പകരം ഗ്രൗണ്ടുകളിൽ ഇറങ്ങി കളിക്കാനും ഒത്തുചേരാനുമുള്ള സാഹചര്യങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ ഒല്ലൂർ നിയോജകമണ്ഡലം എം.എൽ.എ കെ. രാജൻ അധ്യക്ഷത വഹിച്ചു. പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ സ്വാഗത പ്രസംഗം നടത്തി.
ഒല്ലൂർ സമൃദ്ധി ഓണാഘോഷ പരിപാടികൾ
ഓഗസ്റ്റ് 21 മുതൽ 27 വരെയാണ് നടക്കുക.. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെ ഏകോപിപ്പിച്ചാണ് പരിപാടികൾ നടക്കുന്നത്.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി റെജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി. എസ്. വിനയൻ, ഇ. എ. ഓമന, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക പ്രമുഖർ എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 27ന് നടക്കുന്ന തിരുവാതിരക്കളി മത്സരത്തോടും പൊതുയോഗത്തോടും കൂടി ആഘോഷ പരിപാടികൾ സമാപിക്കും.
- Log in to post comments