അറിയിപ്പുകൾ
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള "ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ" ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നതിലേക്ക് അപേക്ഷിക്കാം. ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര ഫ്ളോറിങ് / ഫിനിഷിങ്/ പ്ലംബിങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. കേരളത്തിലുടനീളം നടക്കുന്ന 603 വീടിൻ്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട പദ്ധതിക്കായി ജില്ലാ കളക്ട്രേറ്റിൽ ലഭിച്ച അപേക്ഷയിൽ നിന്നും അനുവദിച്ച ഓരോ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം അനുവദിക്കുന്നത്. തുക തിരിച്ചടക്കേണ്ടതില്ല.
അപേക്ഷാ ഫോം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നിന്ന് നേരിട്ടോ/ അതത് വില്ലേജ് ഓഫീസുകളിലും അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റി,www.mwdscholarship.kerala.gov.in ൽ നിന്നും ലഭിക്കും. അപേക്ഷകയുടെ സ്വന്തം /പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർഫീറ്റ് കവിയരുത്.
അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ-കുടുംബത്തിന് മുൻഗണന ലഭിക്കും. അപേക്ഷകയ്ക്കോ, അവരുടെ മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള / മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് പത്തു വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷകയുടെ സ്വന്തം / പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിൻറെ പകർപ്പ്, റേഷൻ കാർഡ്, ആധാർ കാർഡ്,മൈനോറിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റെസിഡൻസ് സർട്ടിഫിക്കറ്റ്, ബിൽഡിംഗ് സർട്ടിഫിക്കറ്റ്, പേര് / മേൽവിലാസം എന്നിവ വ്യത്യാസം ഉണ്ടെങ്കിൽ അത് തെളിയിക്കുന്നതിനുള്ള വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, വിധവ ആണെങ്കിൽ പങ്കാളി മരണപ്പെട്ടുപോയിട്ടുള്ളതിൻ്റെ മരണ സർട്ടിഫിക്കറ്റ്, പങ്കാളി ഉപേക്ഷിച്ച് പോയിട്ടുള്ളതാണെങ്കിൽ / പുനർവിവാഹം ചെയ്തിട്ടില്ല എങ്കിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം (Non Remarriage Certificate) എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിൻ്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനും, മറ്റു വകുപ്പുകളിൽ നിന്നോ / സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ / പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിനും ആവശ്യമായ സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെൽ (അഡ്മിനിസ്ട്രേഷൻ സെക്ഷൻ) കളക്ടറേറ്റ്, കാക്കനാട്, എറണാകുളം-682030 ജില്ലാ കളക്ടറേറ്റിലേക്ക് തപാലിലോ അപേക്ഷിക്കാം.
വ്യക്തമല്ലാത്തതും ആവശ്യമായ രേഖകൾ ഉൾപ്പെടുത്താത്തതുമായ അപേക്ഷകൾ നിരസിക്കും. എറണാകുളം ജില്ലയിലെ അപേക്ഷകർക്ക് മാത്രം എറണാകുളം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെല്ലിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മറ്റു ജില്ലക്കാർ അതത് ജില്ലാ കളക്ടറേറ്റിലാണ് അപേക്ഷിക്കേണ്ടത്.
അവസാന തിയതി സെപ്റ്റംബർ പത്ത് . ഫോൺ: 0484-2422292, 2422294.
ഫോൺ: 0484-2422292, 2422294.
സൗജന്യ പരിശീലനം
തവനൂർ ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സപ്പെ ചെയിൻ എക്സിക്യുട്ടീവ്, ആപ്ലിക്കേഷൻ ഡെവലപ്പർ – വെബ് & മൊബൈൽ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് കോഴ്സിലേക്കും അനുയോജ്യമായ യു.ജി/ഡിപ്ലോമ ഉള്ളവർക്ക് ആപ്ലിക്കേഷൻ ഡെവലപ്പർ കോഴ്സിലേക്കും അപേക്ഷിക്കാം. വ്യവസായ അധിഷ്ഠിതവും പ്രായോഗികവുമായ പരിശീലനത്തോടൊപ്പം സോഫ്റ്റ് സ്കിൽ, എംപ്ലോയബിലിറ്റി ട്രെയിനിംഗ്, പ്ലേസ്മെന്റ് അസിസ്റ്റൻസ് എന്നിവയും തികച്ചും സൗജന്യമായി ലഭിക്കും. ഫോൺ: 94959 99658
എം.ബി.എ സ്പോട്ട് അഡ്മിഷൻ
പുന്നപ്ര കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ ( രണ്ടു വർഷത്തെ ഫുൾടൈം എം.ബി.എ പ്രോഗ്രാമിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. ജനറൽ, എസ്.സി/എസ്.റ്റി, ഒ.ഇ.സി വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 7, 8, 9 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജ് ക്യാമ്പസിൽ നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ 50% മാർക്കോടെ ബിരുദം പൂർത്തിയാക്കിയവർക്ക് പങ്കെടുക്കാം. എസ്.സി/എസ്.റ്റി, ഒ.ഇ.സി വിഭാഗക്കാർക്ക് യോഗ്യതാ മാർക്കിൽ ഇളവുണ്ടായിരിക്കും. കൂടാതെ ഫിഷറീസ് വിഭാഗത്തിൽപ്പെട്ടവർക്കും, എസ്.സി/എസ്.റ്റി, ഒ.ഇ.സി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ആനുകൂല്യങ്ങളും ലഭ്യമാണ്. താല്പര്യമുള്ളവർ പുന്നപ്ര അക്ഷരനഗരിയിലെ ഐ.എം.റ്റി ഓഫീസുമായി നേരിട്ടോ 0477 2267602, 9188067601, 9946488075, 9747272045 എന്നീ ഫോൺ നമ്പറുകളിലോ www.imtpunnapra.org എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടേണ്ടതാണ്.
അപേക്ഷാ തീയതി നീട്ടി
2025-26 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയ വിമുക്തഭടന്മാരുടെ മക്കൾക്ക് നൽകുന്ന ഒറ്റത്തവണ 'ടോപ്പ് സ്കോറർ അവാർഡി'നുള്ള അപേക്ഷാ തീയതി സെപ്റ്റംബർ 15 വരെ ദീർഘിപ്പിച്ചു. സ്റ്റേറ്റ് സിലബസിൽ 10, 12 ക്ലാസ്സുകളിൽ എല്ലാ വിഷയങ്ങൾക്കും A1/A+ ലഭിച്ചവർക്കും, CBSE സിലബസിൽ 90 ശതമാനമോ അതിന് മുകളിലോ അഗ്രിഗേറ്റ് മാർക്ക് നേടിയവർക്കുമാണ് അവാർഡിന് അർഹതയുള്ളത്. യോഗ്യരായ വിദ്യാർത്ഥികൾക്ക് സർവ്വീസ് പ്ലസ് (Service Plus) പോർട്ടൽ മുഖേന അപേക്ഷിക്കാമെന്ന് എറണാകുളം ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484-2422239 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഷോർട്ട് വീഡിയോ മത്സരം
ഇന്റർനാഷണൽ ഡേ ഓഫ് ക്ലീൻ എയർ ഫോർ ബ്ലൂ സ്കൈസ്' ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യകേരളവും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. 'നീലാകാശവും നക്ഷത്രക്കാഴ്ചകളും: ശുദ്ധ വായുവിനായി കൈകോർക്കാം' എന്നതാണ് മത്സരത്തിന്റെ തീം. 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ വ്യക്തിഗതമായോ ഗ്രൂപ്പായോ തയ്യാറാക്കി നൽകാം.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതോടൊപ്പം, തെരഞ്ഞെടുക്കപ്പെടുന്ന മികച്ച വീഡിയോകൾ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്യും. അപേക്ഷിക്കുന്ന വീഡിയോകളുടെ പകർപ്പാവകാശം ജില്ലാ മെഡിക്കൽ ഓഫീസിനായിരിക്കും. താല്പര്യമുള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ 5 ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി competitionsdmohekm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് വീഡിയോകൾ അയച്ചുനൽകണം.
- Log in to post comments