Skip to main content

യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP 9.0): സ്‌കൂൾ വിഭാഗത്തിലെ ആശയ സമർപ്പണം പൂർത്തിയായി

കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദ്യാർത്ഥി ഇന്നൊവേഷൻ പരിപാടികളിലൊന്നായ യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP) 9.0-ന്റെ സ്‌കൂൾ വിഭാഗത്തിലെ ആശയ സമർപ്പണം 2026 ആഗസ്റ്റ് 31ന് പൂർത്തിയായി.

സംസ്ഥാനത്തെ 4,645 സ്‌കൂളുകളിൽ നിന്നായി 2,38,807 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുകയും 23,568 ആശയങ്ങൾ സമർപ്പിക്കുകയും ചെയ്തു. 6,048 ആശയങ്ങൾ സമർപ്പിച്ച് തുടർച്ചയായ മൂന്നാം തവണയും കൊല്ലം ജില്ല ഒന്നാം സ്ഥാനത്തെത്തി. മലപ്പുറം, കണ്ണൂർ ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്ത ജില്ല പാലക്കാട് ആണ്.

1271 ആശയങ്ങളുമായി എൻഎഎംഎച്ച്എസ്എസ് പെരിങ്ങത്തൂർ (കണ്ണൂർ) സ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലികുളങ്ങര (കൊല്ലം), ജിഒഎച്ച്എസ് എടത്തനാട്ടുകര (പാലക്കാട്) എന്നീ സ്‌കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സിബിഎസ്ഇ വിഭാഗത്തിൽ 126 ആശയങ്ങളുമായി മേരി മൗണ്ട് പബ്ലിക് സ്കൂൾ (കോട്ടയം) ഒന്നാം സ്ഥാനം നേടി. കേന്ദ്രീയ വിദ്യാലയ അടൂർ (പത്തനംതിട്ട), മാർകസ് പബ്ലിക് സ്കൂൾ ബാലുശ്ശേരി (കോഴിക്കോട്) എന്നീ സ്‌കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 1510 ആശയങ്ങളുമായി കരുനാഗപ്പള്ളി ബിആർസി ബ്ലോക്ക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. സമർപ്പിച്ച ആശയങ്ങളുടെ പ്രാഥമിക മൂല്യനിർണയം പൂർത്തിയാക്കിയ ശേഷം വിജയികളുടെ പട്ടിക 2026 സെപ്റ്റംബർ അവസാനത്തോടെ പ്രസിദ്ധീകരിക്കും.

അതേസമയം, YIP 9.0 കോളേജ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ ആശയ സമർപ്പണം നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ 30 വരെ കോളേജ് വിഭാഗത്തിൽ ആശയങ്ങൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: yip.kerala.gov.in.

പി.എൻ.എക്‌സ്. 3484/2026

date