5 മില്യൺ ട്രീ പ്രോജക്റ്റ്: മാലിദ്വീപിനുള്ള വൃക്ഷത്തൈകൾ മന്ത്രി ഷിബു ബേബി ജോൺ ഇന്ന് (സെപ്റ്റംബർ2) കൈമാറും
മാലിദ്വീപിന്റെ '5 മില്യൺ ട്രീ പ്രോജക്റ്റി'ന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള വൃക്ഷത്തൈകൾ മാലിദ്വീപ് കോൺസുലേറ്റിന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ കൈമാറും. മന്ത്രിയുടെ ചേമ്പറിൽ ഇന്ന് ( സെപ്റ്റംബർ 2) വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിലാണ് തൈകൾ ഔദ്യോഗികമായി കൈമാറുന്നത്.
കഴിഞ്ഞ വർഷം ജൂലൈയിൽ പ്രധാനമന്ത്രി മാലിദ്വീപ് സന്ദർശിച്ച വേളയിലാണ് ഇന്ത്യയിൽ നിന്ന് തൈകൾ എത്തിച്ചുനൽകുമെന്ന് ഉറപ്പുനൽകിയത്. വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇതിനായി 500 മാവിൻതൈകളും 500 തേക്കിൻതൈകളും നൽകാൻ സംസ്ഥാന സർക്കാരിനെ ചുമതലപ്പെടുത്തുകയായിരുന്നു.
വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തൈകൾ സജ്ജമാക്കിയത്. വെള്ളായണി കാർഷിക കോളേജിൽ നിന്ന് ശേഖരിച്ച ഗ്രാഫ്റ്റ് ചെയ്ത മാവിൻതൈകളും കുളത്തൂപ്പുഴ സെൻട്രൽ നഴ്സറിയിൽ നിന്നുള്ള തേക്കിൻതൈകളുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
പൂജപ്പുര ജില്ലാ പെർമനന്റ് നഴ്സറിയിൽ പ്രത്യേക കവറുകളിലാക്കി തയ്യാറാക്കിവെച്ചിട്ടുള്ള ഈ തൈകൾ, 30 തടി റീപ്പർ പെട്ടികളിലാക്കിയാണ് കൊണ്ടുപോകുന്നത്. ഔദ്യോഗിക കൈമാറ്റത്തിനു ശേഷം തൈകൾ തൂത്തുക്കുടി തുറമുഖം വഴി മാലിദ്വീപിലേക്ക് അയക്കും.
- Log in to post comments